വിമാനത്താവളത്തിലെ ഭക്ഷണക്കൊള്ള: ഉഡാൻ യാത്രി കഫേ വ്യാപിപ്പിക്കുന്നു

Tuesday 13 January 2026 3:34 AM IST

ന്യൂഡൽഹി: ഒരു ചായയ്‌ക്ക് 200-300 രൂപ. ചെറു കടികൾക്ക് 500ന് മുകളിൽ. വിമാനത്താവളങ്ങളിൽ സാധാരണക്കാർക്ക് ഒന്നും കുടിക്കുകയോ കഴിക്കുകയോ ചെയ്യാനാകാത്ത അവസ്ഥ. ഈ കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം കണ്ടെത്തിയ മാർഗമാണ് ഉഡാൻ യാത്രി കഫേ. ചായവും കാപ്പിയും കുടിവെള്ളവും 10 രൂപയ്‌ക്കും, സമോസ അടക്കം സ്‌നാക്‌സ് 20 രൂപയ്‌ക്കും.

2024 ഡിസംബറിൽ കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് ആദ്യ കഫേ തുടങ്ങിയത്. വിജയകരമെന്ന് കണ്ടതോടെ രണ്ടാമത്തെ കഫേ കഴിഞ്ഞ ഫെബ്രുവരിയിൽ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിൽ തുറന്നു. അഹമ്മദാബാദ്, പൂനെ, ഭുവനേശ്വർ, ഇറ്റാനഗർ, വിജയവാഡ വിമാനത്താവളങ്ങളിലും ഉഡാൻ കഫേ വിജയകരമായി പ്രവർത്തിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന ഡൽഹി, മുംബയ്, ബാംഗ്ളൂർ വിമാനത്താവളങ്ങളിലും വൈകാതെ കഫേ തുറക്കും.ആംആദ്‌മി പാർട്ടി എം.പി രാഘവ് ഛദ്ദ രാജ്യസഭയിൽ വിമാനത്താവളത്തിലെ അമിതമായ ഭക്ഷണച്ചെലവിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിനെത്തുടർന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിട്ടിയും ചേർന്ന് ഉഡാൻ യാത്രി കഫേകൾക്ക് തുടക്കം കുറിച്ചത്.

സാധാരണക്കാർക്ക് വിമാനയാത്രയെന്ന ലക്ഷ്യവുമായാണ് എൻ.ഡി.എ സർക്കാർ ചെറിയ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ഉഡാൻ വിമാന പദ്ധതി ആവിഷ്‌കരിച്ചത്. അതിന്റെ തുടർച്ചയായാണ് വിലക്കുറവിൽ ഭക്ഷണ

പാനീയങ്ങൾ ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫേ.

'വ്യോമയാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതു മുതൽ, വിമാനയാത്ര കൂടുതൽ താങ്ങാനാവുന്നതും എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാക്കാനുമാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഉഡാൻ യാത്രി കഫേ തുടങ്ങിയത്.'

-രാം മോഹൻ നായിഡു,

വ്യോമയാന മന്ത്രി