ബംഗ്ലാദേശിൽ ജയിലിൽ കഴിഞ്ഞ ഹിന്ദു ഗായകൻ മരിച്ചു

Tuesday 13 January 2026 7:06 AM IST

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ ആക്രമണങ്ങൾ തുടരവെ, ജയിലിൽ കഴിഞ്ഞ ഹിന്ദു ഗായകൻ മരിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ നേതാവ് കൂടിയായ പ്രോലേ ചാകി (60) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി പാബ്ന ജില്ലാ ജയിലിൽ വച്ച് ചാകിയ്ക്ക് ഹൃദയാഘാതമുണ്ടായി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച രാത്രി മരിച്ചു. ചാകിയെ ജയിൽ അധികൃതർ മർദ്ദിച്ചെന്നും ഹൃദ്രോഗിയാണെന്ന് അറിയിച്ചിട്ടും ചികിത്സ നിഷേധിച്ചെന്നും കുടുംബം ആരോപിച്ചു.

ഡിസംബർ 16നാണ് ചാകിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ആഗസ്റ്റിലെ പ്രക്ഷോഭത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ചാകിയെ കേസിൽ കുടുക്കിയതാണെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും കുടുംബവും പാർട്ടിയും പറയുന്നു.