പ്രക്ഷോഭം: ഇടപെടുമെന്ന് ട്രംപ്,​ യുദ്ധത്തിന് സജ്ജമെന്ന് ഇറാൻ

Tuesday 13 January 2026 7:06 AM IST

ടെഹ്റാൻ: രാജ്യത്തിന് നേരെ യു.എസിന്റെ സൈനിക ഇടപെടൽ ഭീഷണി തുടരുന്നതിനിടെ,​യുദ്ധത്തിന് സജ്ജമാണെന്ന മുന്നറിയിപ്പുമായി ഇറാൻ. എന്നാൽ ഒരു ആക്രമണത്തിന് തുടക്കമിടാൻ തങ്ങൾക്ക് താത്പര്യമില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി പറഞ്ഞു.

രാജ്യത്തെ ഇന്റർനെറ്റ് വിലക്കിനെ ന്യായീകരിച്ച അബ്ബാസ്,ഭീഷണികൾ ഒഴിയും വരെ നിയന്ത്രണങ്ങൾ തുടരുമെന്നും പറഞ്ഞു. അതേസമയം,ഡിസംബർ 28 മുതൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 572 ആയെന്ന് വിവിധ സംഘടനകൾ പറയുന്നു. 10,681 പേർ അറസ്റ്റിലായി.

മരണം ഉയരുന്ന സാഹചര്യത്തിൽ ഇറാനിൽ ഇടപെടുന്നതിനുള്ള ശക്തമായ മാർഗങ്ങൾ പരിഗണിക്കുകയാണെന്ന് ട്രംപ് ഭീഷണി ആവർത്തിച്ചു. പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്തുന്നതിന്റെ പേരിൽ ഇറാൻ ഉദ്യോഗസ്ഥർക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ചുമത്താനുള്ള നീക്കത്തിലാണ് യൂറോപ്യൻ യൂണിയൻ.

ചർച്ചയ്ക്ക് സാദ്ധ്യത

തന്റെ ഭീഷണികൾക്ക് പിന്നാലെ ഇറാൻ ഉദ്യോഗസ്ഥർ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് ട്രംപ്. ഇറാൻ ഉദ്യോഗസ്ഥരെ കണ്ടേക്കുമെന്നും പറഞ്ഞു. ആശയവിനിമയത്തിനുള്ള വഴികൾ അടഞ്ഞിട്ടില്ലെന്ന് ഇറാനും സൂചിപ്പിച്ചു.

ദൃശ്യങ്ങൾ കൈമാറി

ബ്രിട്ടൻ,ജർമ്മനി,ഫ്രാൻസ്,ഇറ്റലി എന്നീ രാജ്യങ്ങളുടെ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇറാൻ. പ്രക്ഷോഭകരെ പിന്തുണച്ചതിനാണ് നടപടി. പ്രക്ഷോഭകർ പള്ളികൾ അടക്കം കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ കൈമാറി. പ്രക്ഷോഭകർ സമാധാനപരമായല്ല പ്രവർത്തിക്കുന്നതെന്നും വിദേശ മാദ്ധ്യമങ്ങൾ നുണ പ്രചരിപ്പിക്കുന്നെന്നും ഇറാൻ ആരോപിച്ചു.