ഇറാൻ: രക്ഷയോ ശിക്ഷയോ ? യു.എസിന്റെ ലക്ഷ്യമെന്ത്
ഭരണകൂട വിരുദ്ധ പ്രക്ഷോഭം തുടരുന്ന ഇറാനിൽ 572ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിലും ഇറാന് വേദനിക്കുന്ന ഇടം നോക്കി പ്രഹരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി ആവർത്തിക്കുന്നു. ഇക്കൊല്ലമെങ്കിലും സമാധാന നോബൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ട്രംപ് പ്രക്ഷോഭകാരികളുടെ 'രക്ഷകനായി" അവതരിക്കുമോ?. വ്യോമാക്രമണത്തിന് മടിക്കില്ലെന്ന് ട്രംപ് പറയുന്നു. അതുകൊണ്ട് ഇറാനിലെ ജനത രക്ഷപെടുമോ,അതോ സാമ്പത്തികമായും രാഷ്ട്രീയമായും തെറ്റിയ രാജ്യത്തിന്റെ താളം വീണ്ടും അവതാളത്തിലാകുമോ?.
ന്യായീകരിക്കാമോ
അന്താരാഷ്ട്ര നിയമങ്ങളുടെ കോണിൽ നിന്ന് വീക്ഷിക്കുമ്പോൾ യു.എസ് ഇറാനെതിരെ നടത്തുന്ന ഭീഷണികളെ ന്യായീകരിക്കാനാകില്ല. ഇറാനിൽ അരങ്ങേറുന്നത് അവരുടെ ആഭ്യന്തര കാര്യമാണ്. സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനം തെരുവിലിറങ്ങി. അത് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്കെതിരായ പ്രക്ഷോഭമായി. ഇവിടെ യു.എസ് ഇടപെടൽ എന്തിനാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇറാനിൽ മാത്രമല്ല,ലോകത്തിന്റെ പല ഭാഗത്തും ഇത്തരം പ്രക്ഷോഭങ്ങളുണ്ടായാൽ,അവിടെയെല്ലാം സൈനിക ഇടപെടലിന് യു.എസ് ഇറങ്ങിത്തിരിച്ചാൽ എന്താകും സ്ഥിതി. ഒരു പരമാധികാര രാഷ്ട്രത്തിനെതിരെ ഭീഷണിയോ ബലപ്രയോഗമോ പാടില്ലെന്ന് യു.എൻ ചാർട്ടറിൽ പറയുന്നുണ്ട്. ഇറാന്റെ കാര്യത്തിൽ,സ്വയം പ്രതിരോധമെന്ന ന്യായീകരണത്തിനും പ്രസക്തിയില്ല.
യുദ്ധ ഭൂമിയാകരുത്
പ്രക്ഷോഭകരെ അടിച്ചമർത്താൻ ഇറാൻ പൊലീസും റെവല്യൂഷണറി ഗാർഡും പ്രയോഗിക്കുന്ന മാർഗങ്ങൾ ഞെട്ടിക്കുന്നതാണ്. ഇറാൻ സംയമനം പാലിച്ചേ തീരൂ. എന്നാൽ മേഖലയെ മുഴുവൻ യുദ്ധഭൂമിയാക്കുന്ന നടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം.
ട്രംപ് ഇന്ന് സേനാ മേധാവിമാരുമായി ചർച്ച നടത്തും. വ്യോമാക്രമണത്തിന് തീരുമാനിച്ചാൽ ടെഹ്‌റാനിലെയും മറ്റും സൈനിക ബേസുകളാകും ടാർജന്റ്. സാമ്പത്തിക ഉപരോധം മുതൽ സൈബർ ആക്രമണം വരെയുള്ളവ പരിഗണനയിലുണ്ട്. ഇറാനിലെ ഇന്റർനെറ്റ് നിയന്ത്രണം മറികടക്കാൻ മസ്കിന്റെ സ്റ്റാർലിങ്കിനും പിന്തുണ നൽകും. വെനസ്വേലയിൽ കണ്ടതുപോലെ ഒരു അപ്രതീക്ഷിത സർജിക്കൽ സ്ട്രൈക്കിനും യു.എസ് മടിക്കില്ല. അതേസമയം,യു.എസ് ആക്രമിച്ചാൽ ഇറാനിയൻ ജനത പ്രകോപനത്തിനെതിരെ ഒറ്റക്കെട്ടാവാനിടയുണ്ട്.
ലക്ഷ്യം പലത്
ജൂണിൽ ഇസ്രയേലും യു.എസും നടത്തിയ വ്യോമാക്രമണം ഇറാനിലെ സൈനിക,ആണവ കേന്ദ്രങ്ങളെ തകർത്തു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കവും ഇവിടെ നിന്നാണ്. സൈനിക,ആണവ കേന്ദ്രങ്ങളെയും കമാൻഡർമാരെയും തകർത്ത് ഖമനേയി ഭരണകൂടത്തെ 'ഒതുക്കാൻ" പറ്റിയ സമയമാണിതെന്ന് യു.എസ് കരുതുന്നു. റഷ്യൻ,ചൈനീസ് പക്ഷത്തുള്ള ഖമനേയി ഭരണകൂടം പുറത്താവുകയോ,ക്ഷയിക്കുകയോ ചെയ്താൽ മേഖലയിൽ യു.എസിന് തന്ത്രപരമായ സ്വാധീനം നേടാം. ഹിസ്ബുള്ള,ഹൂതി,ഹമാസ് തുടങ്ങി മിഡിൽ ഈസ്റ്റിലെ സായുധ സംഘങ്ങൾക്കും തിരിച്ചടിയാകും.
ഇന്ധനം 'വിദേശത്ത് നിന്ന് "
പ്രക്ഷോഭം ആളിക്കത്തിക്കാനുള്ള ഇന്ധനം യു.എസിലിരുന്ന് മുൻ കിരീടാവകാശി റെസ പഹ്‌ലവി നൽകുന്നുണ്ട്. തിരിച്ചെത്തി രാജ്യത്തെ നയിക്കാൻ തയ്യാറാണെന്നും പറയുന്നു. ഇറാനിലെ അവസാന ഷാ ആയ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് റെസ. 1979ൽ മുഹമ്മദ് സ്ഥാനഭ്രഷ്ടനാകുമ്പോൾ യു.എസിലായിരുന്ന റെസ,പിന്നീട് ഇറാനിൽ എത്തിയിട്ടില്ല. എന്നാൽ ഖമനേയിയുടെ കടുത്ത വിമർശകനായി മാറി. ഖമനേയിയുടെ ചിത്രങ്ങൾ കത്തിച്ച് സിഗരറ്റ് കൊളുത്തി പ്രതിഷേധിക്കുന്ന യുവതികളുടെ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ,ഇവ ഇറാന്റെയുള്ളിൽ നിന്നുള്ളതല്ല. യു.എസ്,കാനഡ പോലുള്ള രാജ്യങ്ങളിൽ കഴിയുന്ന ഇറാനിയൻ യുവതികളാണ്.