അബദ്ധത്തിൽ കൗമാരക്കാരി അശ്ലീല വീഡിയോ കാണാനിടയായി,​ പിന്നീട് സംഭവിച്ചത്

Sunday 13 October 2019 8:56 PM IST

അഹമ്മദാബാദ് : കൗമാരക്കാരിയായ മകൾ അബദ്ധവശാൽ ഇന്റർനെറ്റിൽ അശ്ലീല വീഡിയോ കാണാനിടയായതിനെതുടർന്ന് മാനസികാഘാതം ഉണ്ടായതായി അമ്മ. ഈ ആഴ്ച ആദ്യം അഭയം 181 വനിതാ ഹെൽപ്പ്ലൈനിലേക്കാണ് അസാധാരണമായ കോൾ എത്തിയത്. പെൺകുട്ടിയുടെ അമ്മ മകളുടെ മാനസിക ആഘാതത്തിന് കൗൺസലർമാരുടെ സഹായം തേടിയായിരുന്നു വിളിച്ചത്. മകൾ അബദ്ധവശാൽ ഓൺലൈനിൽ അശ്ലീല വീഡിയോ കാണാന്‍ ഇടയായതായും ഇതുവഴി പെൺകുട്ടിക്ക് കടുത്ത മാനസിക ആഘാതം ഉണ്ടായതായും യുവതി കൗൺസിലർമാരോട് പറഞ്ഞു. പെൺകുട്ടിയെ പിന്നീട് കൗൺസലിംഗ് ചെയ്യുകയും മാനസിക പരിചരണ വിഭാഗത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

പെൺകുട്ടിയെ കുറച്ച്‌ ദിവസമായി അസ്വസ്ഥയായി കണ്ടതോടെയാണ് അമ്മ വിവരം ആരാഞ്ഞത്. അപ്പോഴാണ് മകൾക്ക് സംഭവിച്ചതിനെക്കുറിച്ച് അവർക്ക് മനസിലായത്. നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി തന്റെ സ്കൂളിലെ ടോപ്പർമാരിൽ ഒരാളാണ്. പഠന സാമഗ്രികൾ കണ്ടെത്തുന്നതിനും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നതിനും പേൺകുട്ടി ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നു. ഒരു പുസ്തകത്തിലുണ്ടായിരുന്ന ചില ബുദ്ധിമുട്ടുള്ള വാക്കുകളുടെ അർത്ഥം കണ്ടെത്താനായി ഓൺലൈനിൽ തിരയുമ്പോഴാണ് ആകസ്മികമായി ചില അശ്ലീല വെബ്സൈറ്റുകളിലേക്ക് ചെന്ന്പെട്ടത്.

അതിലെ വീഡിയോയും ചിത്രങ്ങളും അവളിൽ ആഴത്തിലുള്ള ആഘാതമുണ്ടാക്കിയതായി കൗൺസലർമാർ പറഞ്ഞു. 'ഓൺലൈനിലെ ഉപയോഗപ്രദമായതും മോശമായതുമായ സൈറ്റുകളെ കുറിച്ച്‌ പെൺകുട്ടിയോട് സംസാരിച്ചതായും മോശം സൈറ്റുകളിൽ നിന്ന് എങ്ങനെ സംരക്ഷണം നേടാമെന്ന് പറഞ്ഞുകൊടുത്തതായും അവർ അറിയിച്ചു.