ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി കമ്മ്യൂണിസ്റ്റ് പാർട്ടി സംഘം; ചർച്ച നടത്തി

Tuesday 13 January 2026 10:03 AM IST

ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി ചർച്ച നടത്തി ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി). 2020ൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ വൻ ഏറ്റുമുട്ടലിന് ശേഷം ഇതാദ്യമായാണ് ചർച്ച നടത്തുന്നത്. സിപിസിയുടെ മന്ത്രി സൺ ഹയാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചർച്ചയിൽ പങ്കെടുത്തതെന്ന് വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിജയ് ചൗതൈവാലെ എക്‌സിൽ പോസ്റ്റിട്ടു.

ബിജെപിയും സിപിസിയും തമ്മിലുള്ള ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും സംഭാഷണങ്ങളും ആശയവിനിമയങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്‌തതായി ചൗതൈവാലെ കുറിച്ചു. ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്. ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്‌ഹോംഗും യോഗത്തിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അരുൺ സിംഗും എക്‌സിൽ പോസ്റ്റിട്ടു.

2000ത്തിന്റെ അവസാനം മുതലാണ് ബിജെപിയും സിപിസിയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. നിരവധി ബിജെപി പ്രതിനിധികൾ മുതിർന്ന ചൈനീസ് നേതാക്കളെ കാണാൻ ബീജിംഗിലേക്ക് പോയിട്ടുണ്ട്. എന്നാൽ, 2020ൽ ഇന്ത്യ - ചൈന ബന്ധത്തെ സാരമായി ബാധിച്ച ഗാൽവാൻ സംഘർഷത്തിന് ശേഷം ഇപ്പോഴാണ് വീണ്ടും ചൈനീസ് സംഘം ഇന്ത്യയിലെത്തുന്നത്.