'മാവോയിസ്റ്റ്  വെല്ലുവിളിയെ  നേരിടാൻ  കെൽപ്പുണ്ടെന്ന് തെളിയിച്ചു'; വീണ്ടും മോദി സ്തുതിയുമായി ശശി തരൂർ

Tuesday 13 January 2026 11:17 AM IST

ന്യൂഡൽഹി: വീണ്ടും കേന്ദ്ര സർക്കാരിനെ സ്തുതിച്ച് ശശി തരൂർ എം പി രംഗത്ത്. നരേന്ദ്ര മോദി സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചാണ് ശശി തരൂർ രംഗത്തെത്തിയത്. പ്രൊജക്റ്റ് സിൻഡിക്കേറ്റിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പ്രശംസ. പാർട്ടി നിലപാടിന് വിരുദ്ധമായി തരൂർ മോദി സർക്കാരിനെ പുകഴ്ത്തിയത് നേരത്തെയും വിവാദമായിരുന്നു. ഇതിനിടെ പാർട്ടി നേതൃത്വവുമായി തരൂർ സമവായത്തിലെത്തിയെന്ന സൂചനകൾക്കിടെയാണ് വീണ്ടും മോദി സ്തുതി.

'മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാൻ കെൽപ്പുണ്ടെന്ന് ഇന്ത്യ ഇപ്പോൾ തെളിയിച്ചിരിക്കുന്നു. 2013ൽ 126 ജില്ലകളിലായി വ്യാപിച്ചു കിടന്ന റെഡ് കോറിഡോർ കഴിഞ്ഞ വർഷത്തോടെ വെറും 11 ജില്ലകളിലേക്ക് ചുരുങ്ങി. ഇത് ഇന്ത്യൻ ഭരണകൂടം നേടിയ നിർണായകമായ വിജയത്തെ സൂചിപ്പിക്കുന്നു. 1960കളിൽ പശ്ചിമ ബംഗാളിലെ നക്സൽബാരി ഗ്രാമത്തിൽ ഉത്ഭവിച്ച നക്സെെലെെറ്റ് കലാപം ഏതാനും മാസങ്ങൾക്കുള്ളിൽ പൂർണമായും ഇല്ലാതാകുമെന്ന് കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്.

മോദി സർക്കാരിന്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണ്. യുപിഎ സർക്കാരിന്റെ ആശയം മോദി നടപ്പാക്കി. സർക്കാരിന്റെ ഇരുമ്പ് മുഷ്ടി പ്രയോഗത്തിനൊപ്പം വികസനത്തിന്റെ സാന്ത്വനസ്പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചു. ഇത് തുടരണം. സുരക്ഷാ രംഗത്ത് പൊലീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സർക്കാർ വലിയ നിക്ഷേപം നടത്തി. ആധുനിക ആയുധങ്ങൾ മികച്ച ആശയവിനിമയ ഉപാധികൾ,​ വനയുദ്ധത്തിനും കലാപങ്ങളെ നേരിടുന്നതിനുമുള്ള പ്രത്യേക പരിശീലനം എന്നിവ നൽകി'- തരൂർ ലേഖനത്തിൽ പറയുന്നു.