ശമ്പളം രണ്ടുലക്ഷം രൂപ; മലയാളികൾക്ക് ബെൽജിയത്തിൽ ജോലി നേടാൻ അവസരം, ഉടൻ അപേക്ഷിക്കൂ

Tuesday 13 January 2026 12:07 PM IST

മലയാളികളായ നഴ്‌സുമാർക്ക് ബെൽജിയത്തിൽ തൊഴിൽ നേടാൻ അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെകിന്റെ 'ഓറോറ 2026' പദ്ധതി വഴിയാണ് നിയമനം. ആറാം ബാച്ചിനായാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നഴ്‌സിംഗ് തസ്‌തികകളിലേക്കും ജിഎൻഎം യോഗ്യതയുള്ളവർക്ക് ഹെൽത്ത് കെയർ അസിസ്റ്റന്റ് തസ്‌തികകളിലേക്കുമായി ആകെ 60 ഒഴിവുകളാണുള്ളത്. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട രീതി എന്നിവയെല്ലാം വിശദമായറിയാം.

കുറഞ്ഞത് ഒരു വർഷത്തെ ക്ലിനിക്കൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 35 വയസിൽ കവിയാൻ പാടില്ല. കൂടാതെ ഐഇഎൽടിഎസിൽ മൊത്തത്തിൽ ആറ് സ്‌കോറോ അല്ലെങ്കിൽ ഒഇടിയിൽ സി ഗ്രേഡോ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒഡപെക് ആറ് മാസത്തെ സൗജന്യ ഡച്ച് ഭാഷാ പരിശീലനം നൽകും. കുട്ടികളുള്ള അപേക്ഷകരാണെങ്കിൽ ഡച്ച് ഭാഷാ പരിശീലനം പൂർത്തിയാകുമ്പോൾ അവരുടെ ഇളയ കുട്ടിക്ക് മൂന്ന് വയസ് തികഞ്ഞിരിക്കണം. അത് നിർബന്ധമാണ്.

ഡച്ച് ഭാഷാ പരിശീലന കാലയളവിൽ പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. താമസം സൗജന്യമാണെങ്കിലും ഭക്ഷണം സ്വന്തം ചെലവിൽ നോക്കണം. പരിശീലനത്തിന് മുമ്പ് 30,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കും. ഈ തുക ബെൽജിയത്തിലേക്കുള്ള യാത്രയ്‌ക്ക് മുമ്പ് തിരികെ ലഭിക്കുന്നതാണ്. 2027 ജനുവരിയിലായിരിക്കും ബെൽജിയത്തിലേക്കുള്ള യാത്ര. വിസയുടെയും വിമാനടിക്കറ്റിന്റെയും ചെലവുകൾ തൊഴിലുടമ വഹിക്കും. രണ്ട് ലക്ഷം രൂപ വരെയാണ് ശമ്പളം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇവരുടെ സിവി, ഐഇഎൽടിഎസ്/ ഒഇടി സ്‌കോർഷീറ്റ്, പാസ്‌പോർട്ടിന്റെ കോപ്പി എന്നിവ ജനുവരി 26നോ അതിന് മുമ്പോ aurora@odepc.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കുക.