'എട്ടുവർഷമായി ശാരീരിക ബന്ധത്തിന് വിസമ്മതിക്കുന്നു', ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

Tuesday 13 January 2026 12:31 PM IST

ഭോപ്പാൽ: ശാരീരിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സുമിത്ര ചൗഹാൻ എന്ന 40കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുമിത്രയുടെ ഭർത്താവ് മാധവ് അറസ്റ്റിലായി. എട്ടുവർഷമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ഭാര്യ വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.

ജനുവരി ഒൻപതിനാണ് സുമിത്ര കൊല്ലപ്പെട്ടത്. വീട്ടിൽവച്ച് രക്തസമ്മർദ്ദം ഉയർന്നതിനെത്തുടർന്ന് ഭാര്യ തലയടിച്ച് വീണുവെന്നാണ് ഇയാൾ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാൽ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മാധവ് കുറ്റം സമ്മതിക്കുകയായിരുന്നു.

ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്നുവെന്നും ഇതുസംബന്ധിച്ചുണ്ടായ വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചതെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇന്നലെയാണ് ഇയാൾ അറസ്റ്റിലായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.