ഈ ലക്ഷണങ്ങളുണ്ടോ! രോഗം നിസാരമല്ല, വൃക്കകളിലെ സിസ്റ്റുകൾ തുടക്കത്തിലേ തിരിച്ചറിയാം
ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കകളിലെ സിസ്റ്റ് (ഇത് ദ്രാവകം ഉള്ള മുഴകളാണ്). പലപ്പോഴും യാദൃശ്ചികമായാണ് ഈ അവസ്ഥ കണ്ടുപിടിക്കുന്നത്. പ്രധാനമായി അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ചെയ്യുന്നതിലൂടെയാണ് ഇത്തരത്തില്‍ വൃക്കകളിലെ സിസ്റ്റുകള്‍ കണ്ടുപിടിക്കുന്നത്. വൃക്കകളില്‍ സിസ്റ്റുണ്ടെന്ന് അറിയുന്ന വേളയില്‍ രോഗിക്ക് പലവിധത്തിലുള്ള ആശങ്കകളും ആകുലതകളും ഉണ്ടാകുന്നു. നമ്മള്‍ മനസ്സിലാക്കേണ്ട വസ്തുത എന്തെന്നാല്‍ 90 ശതമാനം സിസ്റ്റുകളും പ്രശ്‌നമുള്ളതല്ല. അപൂര്‍വ്വമായി മാത്രം ചില സിസ്റ്റുകള്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
വൃക്കകളിലെ സിസ്റ്റുകള്‍ ഉപദ്രവകരമാകുന്നത് എപ്പോള്‍? എന്തുകൊണ്ട്?
സ്‌കാനിംഗിലൂടെ എത്ര മുഴകള്‍ ഉണ്ടെന്ന് മനസിലാക്കാം. അതിനോടൊപ്പം മുഴകള്‍ക്കുള്ളിലെ ദ്രാവകം തെളിഞ്ഞതാണെങ്കില്‍ 90ശതമാനം അവ ഉപദ്രവകാരിയല്ല. നേരെമറിച്ച് കലങ്ങിയതോ, രക്തമയമുള്ളതോ, മുഴയുടെ ഭിത്തിയില്‍ calcification ഉണ്ടെങ്കിലോ അവ ചില പ്രശ്‌നങ്ങള്‍ വരുത്താം. ഏതു പ്രായത്തിലാണ് മുഴകള്‍ കണ്ടുപിടിക്കുന്നത് എന്നത് പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യമാണ്. ചെറിയ പ്രായത്തില്‍ മുഴ കണ്ടു പിടിക്കുന്നത് പ്രശ്‌നത്തിന് കാരണമാകാം.
60 വയസിനു മുകളിലുള്ള ഒരു വ്യക്തിക്ക് അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ ഒരു മുഴ ഉണ്ടെങ്കില്‍ അത് സാധാരണ അവസ്ഥയായി കണക്കാക്കാം, ഇവ പേടിക്കേണ്ടതായിട്ടില്ല. നേരെമറിച്ച് ഇരു വൃക്കകളിലും ഒന്നിലധികം മുഴകള്‍ കണ്ടു വരികയാണെങ്കില്‍ അത് ചിലപ്പോള്‍ Autosomal Dominant Polycystic kidney Disease (ADPKD) എന്ന രോഗമാകാം.
രോഗലക്ഷണങ്ങള്‍ എന്തെല്ലാം?
യാദൃശ്ചികമായി സ്‌കാനിംഗിലൂടെ കണ്ടുപിടിക്കുന്ന ഭൂരിഭാഗം മുഴകളും യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ല. വയറുവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കകള്‍ക്ക് തകരാറ്, ക്രിയാറ്റിനിന്റെ അളവ് കൂടുക, മൂത്രത്തിന് ചുവന്ന നിറം വരിക, പനി, കുളിര്‍ തുടങ്ങിയ രോഗ ലക്ഷണങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. പാരമ്പര്യമായും വൃക്കകളിലെ മുഴകള്‍ കണ്ടുവരാം.
ഗര്‍ഭിണികളില്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ചിലരില്‍, ഗര്‍ഭസ്ഥ ശിശുവിന്റെ വൃക്കകളില്‍ മുഴകള്‍ ഉള്ളതായി കണ്ടുവരാറുണ്ട്. ഇത്തരത്തില്‍ ഒരു വൃക്കയില്‍ മാത്രം മുഴ ഉണ്ടെങ്കില്‍ അത് Dysplastic or multi cystic Kidney എന്ന അസുഖമാകാം. കുഞ്ഞുങ്ങളില്‍ രണ്ടു വൃക്കകളിലും സിസ്റ്റ് ഉണ്ടെങ്കില്‍ വൃക്ക തകരാറിന് കാരണമാവുകയും ചിലപ്പോള്‍ ഡയാലിസിസ് ചെയ്യേണ്ടതായും വരാം. 5 - 10 വയസ് പ്രായമുള്ളവരില്‍ ആണെങ്കില്‍ അത് Autosomal Recessive Polycystic Kidney Disease (ARPKD) എന്ന അവസ്ഥയാകാം. ഈ സാഹചര്യത്തില്‍ വൃക്കകളില്‍ മാത്രമല്ല കരളിലും മുഴകള്‍ ഉണ്ടാകാം.
മറ്റൊരു അവസ്ഥയാണ് Medullary Cystic Kidney Disease, വൃക്കകളുടെ വലിപ്പം കുറഞ്ഞ് പല മുഴകള്‍ ഉണ്ടാകുന്നു. കൂടാതെ വൃക്കകളുടെ നടുക്കുള്ള ഭാഗത്തായിരിക്കും മുഴകള്‍ കാണുന്നത്. ഈ അവസ്ഥയുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് അളവില്‍ കൂടുതല്‍ മൂത്രം പോകുന്നു. Haemoglobin ന്റെ അളവ് കുറഞ്ഞ് Anaemia വരാം, ക്രിയാറ്റിനിന്‍ കൂടുതലാകാം, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് Medullary Cystic Kidney Disease ന്റെ ലക്ഷണങ്ങള്‍.
ചിലപ്പോള്‍ Kidney cyst ഉള്ളവരില്‍ മുഖകുരുവും, ശരീരത്തില്‍ പാടുകളും ഉണ്ടാകാം. ഇത് Tuberous sclerosis എന്ന അസുഖം ആകാം. ഇവരിൽ ചിലപ്പോള്‍ ജന്നി (Seizure / fits) എന്നിവ വരാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ്.
20 - 50 വയസ്സ് പ്രായമുള്ളവരിലാണ് Polycystic Kidney Disease കണ്ടുവരുന്നത്. ഇവരില്‍ ഒന്നോ രണ്ടോ വൃക്കകളില്‍ രണ്ടില്‍ കൂടുതല്‍ മുഴകള്‍ കണ്ടുവരാം. ഇങ്ങനെയുള്ളവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്രിയാറ്റിനിന്റെ അളവ് കൂടുതല്‍ പിന്നെ പാരമ്പര്യമായി രോഗമുള്ളവരും ആയിരിക്കാം. Polycystic Kidney Disease ഉള്ള ചില ആളുകളില്‍ ഭാവിയില്‍ വൃക്ക തകരാര്‍ ഉണ്ടാകാം. 60 - 70 വയസ്സിനു ശേഷം ഉണ്ടാകുന്ന മുഴകള്‍ അര്‍ബുദം പോലെ അനാരോഗ്യകരമായ ഒന്നാകാം.
മുഴകളുടെ ഉള്ളിലെ ദ്രാവകത്തിനെ ആശ്രയിച്ചാണ് ഇത് നിര്‍ണയിക്കുന്നത്. ഇതിന് ചിലപ്പോള്‍ അള്‍ട്രാസൗണ്ട് അല്ലാതെ Contrast സിടി സ്‌കാന്‍ അല്ലെങ്കില്‍ എം ആര്‍ ഐ സ്‌കാനിന്റെ ആവശ്യം വന്നേക്കാം. എന്നാല്‍ ഈ പ്രായക്കാരില്‍ 90 ശതമാനവും സാധാരണയായി കാണുന്ന മുഴയാകാം. ഇത് നിര്‍ണയിക്കുന്നതിനായി കൃത്യമായ തുടര്‍ പരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമാണ്.
വൃക്കകളില്‍ മുഴകള്‍ ഉണ്ടാകുമ്പോഴുള്ള മറ്റു ലക്ഷണങ്ങള്‍ എന്തൊക്കെ?
മൂത്രത്തില്‍ അണുബാധ, മുഴകളില്‍ അണുബാധ, പനി, വിറയല്‍, വയറുവേദന, മൂത്രത്തില്‍ കല്ലുകള്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇരു വൃക്കകളിലും ഒന്നിലധികം മുഴകള്‍ ഉണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദവും ക്രിയാറ്റിനിന്റെ അളവും കൂടുതലായി വരാം. ഇവര്‍ക്കും ഭാവിയില്‍ വൃക്ക തകരാറിന് സാദ്ധ്യതയുണ്ട്. ചിലരില്‍ വൃക്കകളില്‍ മുഴ വരുമ്പോള്‍ മുഖക്കുരു, ജന്നി തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം.
ചികിത്സാ രീതികള്‍
ഒരു മുഴയാണുള്ളതെങ്കില്‍ അതിന് പ്രത്യേകം ചികിത്സ ആവശ്യമില്ല. എന്നാല്‍, കൃത്യമായ ഇടവേളകളില്‍ തുടര്‍പരിശോധന നടത്തുക. ഇരു വൃക്കകളിലും ഒന്നിലധികം മുഴകള്‍ ഉണ്ടെങ്കില്‍ അവയുടെ വലിപ്പം കുറയ്ക്കുന്നതിനായി ധാരാളമായി വെള്ളം കുടിക്കുക. സാധാരണ വൃക്ക രോഗികള്‍ അമിതമായി വെള്ളം കുടിക്കരുതെന്നാണ് പറയാറുള്ളത്. എന്നാല്‍, Polycystic Kidney Disease ഉള്ളവരില്‍ വെള്ളം ധാരാളമായി കുടിക്കുമ്പോള്‍ Anti diuretic ഹോര്‍മോണിന്റെ അളവ് കുറഞ്ഞ് മുഴയുടെ വലിപ്പം കുറയുന്നു. ഇതു കൂടാതെ Anti diuretic ഹോര്‍മോണിന്റെ അളവ് കുറയ്ക്കുന്നതിനായി നിരവധി മരുന്നുകളും ലഭ്യമാണ്.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ഉണ്ടെങ്കിലോ, രോഗപരമ്പര്യം ഉണ്ടെങ്കിലോ എത്രയും പെട്ടെന്ന് ഒരു നെഫ്രോളജിസ്റ്റിനെ കണ്ട് രോഗനിര്‍ണ്ണയം നടത്തി ആവശ്യമെങ്കില്‍ ചികിത്സ ആരംഭിക്കേണ്ടതായി വരാം.
Dr. Jacob George Senior Consultant Nephrologist SUT Hospital, Pattom