ചൂടിന് ആശ്വാസമായി മഴയെത്തി 

Wednesday 14 January 2026 12:23 AM IST

കോട്ടയം : ചുട്ടുപൊള്ളുന്ന പകൽച്ചൂടിൽ വെന്തുരുകിയ ജില്ലയ്‌ക്ക് ആശ്വാസമേകി വൈകിട്ട് ആർത്തലച്ച് മഴ. തെളിഞ്ഞു നിന്നിരുന്ന അന്തരീക്ഷം ഉച്ചകഴിഞ്ഞ് മാറുകയായിരുന്നു. ശക്തമായ ഇടിയും,​ മിന്നലും പിന്നാലെ മഴ. ഏതാനും ആഴ്ചകളായി രാജ്യത്തെ ഉയർന്ന ചൂട് രേഖപ്പെടുത്തിയിരുന്നത് കോട്ടയത്തായിരുന്നു. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. മഴയ്ക്കൊപ്പം മൂടൽമഞ്ഞ് പ്രതിഭാസവുമുണ്ടായി. രണ്ട് ദിവസമായി മഴ മേഘങ്ങളുടെ സാന്നിദ്ധ്യം കൂടുതലായിരുന്നു. ചിലയിടങ്ങളിൽ നേരിയ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും പെയ്തു. ഇത്തവണ ഡിസംബർ ആദ്യ ആഴ്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിച്ചില്ല. ഒറ്റമഴയിൽ നഗരത്തിൽ പലയിടങ്ങളും വെള്ളത്തിൽ മുങ്ങി. ഓടകളും റോഡുകളും നിറഞ്ഞു കവിഞ്ഞൊഴുകി. ചെളിവെള്ളവും മാലിന്യവും കുത്തൊഴുക്കിൽ ഒഴുകിയെത്തി. റോഡരികിലെ വ്യാപാരസ്ഥാപനങ്ങളിലേക്കും മഴവെള്ളം ഒഴുകിയെത്തി.

കാർഷിക മേഖലയ്‌ക്ക് ആശ്വാസം മഴ കുറയുകയും ചൂട് ശക്തമാകുകയും ചെയ്തതിന് പിന്നാലെ കുടിവെള്ള ക്ഷാമവും ജില്ലയിൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. നെല്ല്, പച്ചക്കറി, വാഴ കർഷകരും ദുരിതത്തിലായിരുന്നു. മൂപ്പെത്തിയനൂറുകണക്കിന് ഏത്തവാഴ കുലകളാണ് ഒടിഞ്ഞു വീണത്. മഴ പെയ്തതോടെ കർഷകരും ഹാപ്പിയായി.

 ഇന്നലെ പകൽച്ചൂട് : 36.6 ഡിഗ്രി