നാവായിക്കുളത്ത് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

Wednesday 14 January 2026 3:54 AM IST

കല്ലമ്പലം: നാവായിക്കുളത്ത് ഭാര്യയെ ഭർത്താവ്,കാറ്റാടി കഴ കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ചെയ്തു.നാവായിക്കുളം വെള്ളൂർക്കോണം കശുഅണ്ടി ഫാക്ടറിക്ക് സമീപം കയ്പ്പോത്തുകോണം ലക്ഷ്മി നിവാസിൽ ബിനുവിന്റെ ഭാര്യയാണ് ഭർത്താവിന്റെ അക്രമത്തിനിരയായത്.

തലയ്ക്കും കാലിനും പരിക്കേൽക്കുകയും,തലയ്ക്ക് പൊള്ളലേൽക്കുകയും ചെയ്ത മുനീശ്വരിയെ (40) പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിനുശേഷം സ്ഥലത്ത് നിന്ന് ബിനു രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7 ഓടെയായിരുന്നു സംഭവം.അയൽവാസികളാണ് തീയണച്ച് മുനീശ്വരിയെ ആംബുലൻസ് വരുത്തി ആശുപത്രിയിലെത്തിച്ചത്.സംശയ രോഗിയായ ബിനുവിൽ നിന്ന് സമാന അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.ഇവർക്ക് രണ്ട് മക്കളുണ്ട്.അവർ സ്കൂളിൽ പോയ ഉടനെയായിരുന്നു ആക്രമണം.കല്ലമ്പലം പൊലീസും ഫിംഗർ പ്രിന്റ്‌ വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.മുനീശ്വരി അപകടനില തരണം ചെയ്തതായും,ബിനുവിനായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.