മോഷണവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

Wednesday 14 January 2026 12:16 AM IST

ആറ്റിങ്ങൽ: മോഷ്ടിച്ച ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ക്രിമിനൽക്കേസ് പ്രതിയെ പൊലീസ് പിടികൂടി. ആറ്റിങ്ങൽ തച്ചൂർക്കുന്ന് സ്വദേശിയായ മേലതിൽ വീട്ടിൽ മാർക്സിൻ (40) ആണ് അറസ്റ്റിലായത്. ഇയാളുടെ ശല്യം സഹിക്കാനാകാതെ പ്രദേശവാസികൾ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ മരക്കഷണം ഉപയോഗിച്ച് ഒരു യുവാവിന്റെ തലഅടിച്ച് പൊട്ടിച്ച കേസിൽ പ്രതിയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ സ്കൂട്ടറിൽ സഞ്ചരിക്കവേ പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ ഇരുചക്രവാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുത്തു. അറസ്റ്റിനിടെയാണ് സ്കൂട്ടർ നഷ്ടപ്പെട്ടതായി ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശി രവീന്ദ്രൻനായർ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്വേഷിച്ചപ്പോൾ, പ്രതി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം രവീന്ദ്രൻനായരുടേതാണെന്ന് വ്യക്തമായി. തുടർന്ന് പ്രതിക്കെതിരെ മോഷണക്കേസും പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.