നട്ടുച്ചയ്‌ക്ക് സൂര്യൻ അസ്‌തമിച്ചതുപോലെയാകും, ഭൂമിയിലാകെ ഇരുട്ട് പരക്കും,ആ ദിവസം ഉടൻ വരുമെന്ന് ശാസ്‌ത്രലോകം

Tuesday 13 January 2026 9:25 PM IST

സൂര്യനും ഭൂമിയ്‌ക്കുമിടയിൽ നമ്മുടെ ഉപഗ്രഹമായ ചന്ദ്രൻ കടന്നുവരുമ്പോൾ സൂര്യനെ നമ്മുടെ കാഴ്‌ചയിൽ നിന്നും മറയ്‌ക്കുന്നതാണല്ലോ സൂര്യഗ്രഹണം. വിശ്വാസപരമായും ശാസ്‌ത്രപരമായും ഏറെ പ്രാധാന്യം നിറഞ്ഞതാണ് ഓരോ സൂര്യഗ്രഹണവും. ഒരു വർഷത്തിൽ പരമാവധി അഞ്ച് സൂര്യഗ്രഹണങ്ങൾക്ക് വരെ സാദ്ധ്യതയുണ്ട്.

ഹിന്ദു വിശ്വാസപ്രകാരം പരിശോധിച്ചാൽ സൂര്യഗ്രഹണ സമയത്ത് ക്ഷേത്രങ്ങൾ തുറക്കാൻ പാടില്ല എന്നാണ്. കാരണം ഈ സമയം സൂര്യരശ്‌മികൾക്ക് ഏറെ ശക്തിയുണ്ടെന്നും ഇത് വിഗ്രഹത്തിന്റെ ചൈതന്യത്തെ ആവാഹിക്കുമെന്നാണ് കരുതപ്പെടുന്നത്. പണ്ടുകാലത്ത് നമ്മുടെനാട്ടിൽ ആളുകൾ ഇത്തരം വിശ്വാസങ്ങൾ കാരണം ഈ സമയം പുറത്തിറങ്ങുക കൂടി പതിവില്ലായിരുന്നു.

സൂര്യഗ്രഹണം വിശ്വാസികളെ ഭയപ്പെടുത്തുമെങ്കിലും ശാസ്‌ത്രലോകത്തിന് ഇത് വിവിധ ഗോളങ്ങളെക്കുറിച്ച് പഠിക്കാൻ ഉള്ള സമയമാണ്. എങ്കിലും നേരിട്ട് സൂര്യനെ നോക്കരുതെന്ന് ശാസ്‌ത്രലോകവും പറയുന്നു. സൂര്യനിലെ ശക്തമായ വികിരണങ്ങൾ ഈ സമയം നേരിട്ട് നോക്കിയാൽ അവ നഗ്നനേത്രങ്ങൾക്ക് അപകടകരമാണ്.

സൂര്യഗ്രഹണം മനസിലാക്കുന്ന മിക്ക പക്ഷികളും അതിനുമുൻപ് കൂടണയാറുണ്ട്. അതിനാൽ ആ സമയം നിശബ്‌ദതയാണ് ഉണ്ടാകുക. രാത്രിഞ്ജരന്മാരായ ചില ജന്തുക്കൾ ഈ സമയം പുറത്തുവരികയും ചെയ്യും. അത് പണ്ടുകാലത്തെ മനുഷ്യരെ ഭയപ്പെടുത്തിയിരിക്കണം. ചില ജീവികൾ ആശങ്കപ്പെടുന്നതും ഈ സമയം കാണാം.

ഈ നൂറ്റാണ്ടിൽ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നത് അടുത്ത വർഷമാണ്. ഈ സമയം ഭൂമിയാകെ ഇരുട്ട് പരക്കും,​ പക്ഷിമൃഗാദികൾ നിശബ്‌ദരാകും. ഈ സൂര്യഗ്രഹണം നടക്കാൻ പോകുന്നത് 2027 ഓഗസ്റ്റ് രണ്ടിനാണ്. അന്ന് യൂറോപ്പ്,​ വടക്കൻ ആഫ്രിക്ക,​ മദ്ധ്യേഷ്യ എന്നിവിടങ്ങളിൽ ഇത് വ്യക്തമായി കാണാം. സ്‌പെയിൻ,​ ജിബ്രാൾട്ടർ,​ മൊറോക്കോ,​ അൾജീരിയ,​ ടുണീഷ്യ,​ലിബിയ,​ ഈജിപ്റ്റ്,​ സുഡാൻ,​ സൗദി അറേബ്യ,​ യമൻ,​ സൊമാലിയ എന്നീ രാജ്യങ്ങളിലാണ് നന്നായി സൂര്യഗ്രഹണം കാണുക. 258 കിലോമീറ്റർ നീളമുള്ള സൂര്യന്റെ നിഴലാകും ഈ പ്രദേശത്തുകൂടി കടന്നുപോകുക.

പൂർണ സൂര്യഗ്രഹണവും രണ്ട് അല്ലെങ്കിൽ മൂന്ന് മിനിട്ട് മാത്രമാണ് നീണ്ടുനിൽക്കുക. എന്നാൽ അടുത്തവർഷം നടക്കുന്നതാകട്ടെ ആറ് മിനുട്ടും 23 സെക്കന്റുകളുമാകും അതുണ്ടാകുക. ഇന്ത്യയിൽ ഇത് വൈകിട്ട് മൂന്നര മുതൽ ആറ് മണിവരെയുള്ള സമയത്തിനിടയിലാകും. എന്നാൽ മറ്റിടങ്ങളിൽ ഇത് പട്ടാപകലാകും. അത്തരം ഇടങ്ങളിൽ പകൽ കൂരിരുട്ട് ഉണ്ടായേക്കും. 1991നും 2114നുമിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇതാകും.

സൂര്യന്റെ രശ്‌മികൾ കുറച്ചുനേരം വരാതാകുന്നതോടെ അന്തരീക്ഷ താപനില കുറച്ച്‌കുറയും. ഈ സമയം സൂര്യന്റെ വാതകംനിറഞ്ഞ പുറംഭാഗമായ കൊറോണ ഭംഗിയായി കാണാൻ സാധിക്കും. ഇതിനുമുൻപ് ഇത്രയധികം സമയം നീണ്ടുനിന്ന സൂര്യഗ്രഹണം ഈ നൂറ്റാണ്ടിൽ സംഭവിച്ചത് പസഫിക്,​ ഏഷ്യാ ഭാഗങ്ങളിൽ കണ്ട ഗ്രഹണമാണ്. അടുത്തവർഷം നടക്കാൻ പോകുന്ന സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ ഭൂമിയോട് അൽപംകൂടി അടുത്തുനിൽക്കും. എന്നാൽ സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലത്തിലുള്ള അഫെലിയോൺ എന്ന രേഖയിലാണ് ഭൂമിയുണ്ടാകുക. ഭൂമദ്ധ്യരേഖയ്‌ക്ക് സമീപത്തുകൂടിയാകും സൂര്യന്റെ നിഴൽ വീഴുക അതിനാൽ സാധാരണയിലും പതിയെയാകും ഗ്രഹണം സംഭവിക്കുക. 2026ൽ വലയസൂര്യഗ്രഹണത്തിനാണ് സാദ്ധ്യത. ഫെബ്രുവരി 17നുണ്ടാകുന്ന ഈ സൂര്യഗ്രഹണം കാരണം സൂര്യൻ പൂർണമായും മറയില്ല. സൂര്യനിലെ ബാഹ്യഭാഗം ഒരു വലയമായി ഭംഗിയിൽ കാണാൻ സാധിക്കും.