കർഷകനെ വിപണി ചതിച്ചു ഇടിഞ്ഞിടിഞ്ഞ് നേന്ത്രപ്പഴ വില

Tuesday 13 January 2026 9:43 PM IST

കണ്ണൂർ : അപ്രതീക്ഷിതമായി വിപണിയിൽ വീണടിഞ്ഞ് നേന്ത്രപ്പഴ വില. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ചെറിയ വിലയ്ക്ക് എത്തുന്ന നേന്ത്രപ്പഴമാണ് വലിയ പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിറക്കിയ കർഷകർക്ക് തിരിച്ചടിയായത്. കിലോക്ക് നൂറിനടുത്ത് വരെ എത്തിയ വിലയാണ് ഇപ്പോൾ 20 രൂ​പയിലേക്ക് ഇടിഞ്ഞിരിക്കുന്നത്.

പല മാർക്കറ്റുകളിലും 28 രൂ​പ​ക്ക് വ​രെ ഇപ്പോൾ നേ​ന്ത്ര​പ്പ​ഴം ല​ഭി​ക്കു​ന്നു​ണ്ട്. കൃ​ഷി​വ​കു​പ്പി​ന്റെ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വലിയ കടക്കെണിയിലേക്ക് വീഴുമെന്നാണ് കർഷകർ പരിതപിക്കുന്നത്. ബാ​ങ്കു​ക​ളി​ലും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും കടമെടു​ത്താ​ണ് ഇവരിൽ പലരും കൃ​ഷി ന​ട​ത്തി​യ​ത്. വി​ത്തി​നും വ​ള​പ്ര​യോ​ഗ​ത്തി​നും പരിചരണത്തിനായി വലിയ തുകയാണ് ഇവർ മുടക്കിയത്. ക്രി​സ്മ​സ്, പു​തു​വ​ർ​ഷ വേളകളിൽ നല്ല ഡിമാൻഡ് ലഭിക്കുമെന്ന് കരുതിയ കർഷകർ വൻതിരിച്ചടിയാണ് നേരിട്ടത്. ഫെ​ബ്രു​വ​രി​യോ​ടെ വിളവെടുപ്പ് കഴിയും. ഇതിന് ശേഷം വി​ല വ​ർദ്ധി​ക്കാൻ സാദ്ധ്യതയുണ്ടെങ്കിലും ഇവിടത്തെ കർഷകർക്ക് പ്രയോജനം ലഭിക്കില്ല.

ഉത്പാദന ചിലവ് പോലും ലഭിക്കാത്ത സാഹചര്യത്തിൽ വൻ തുക മുടക്കി കൃഷിയിറക്കിയവർ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്ന് കിലോക്ക് 16രൂപ നിരക്കിൽ വൻതോതിൽ വാഴക്കുലകൾ വിപണിയിൽ എത്തുന്നതാണ് ഇവിടത്തെ കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയത്.

ഇടപെടാതെ ഹോ‌ർട്ടികോർപ് വാഴക്കുല സംഭരണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഹോർട്ടികോർപ് വിപണിയിൽ ഇതുവരെ ഇടപെട്ടിട്ടില്ല. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ നേരത്തെ 32 രൂപ താങ്ങുവില പ്രഖ്യാപിച്ചിരുന്നതാണ്.പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചവർക്ക് 2019നു ശേഷം നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇൻഷ്വർ ചെയ്തവർക്ക് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.വിഷയത്തിൽ പരിഹാരം കാണാൻ കൃഷി വകുപ്പും സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

വാഴയൊന്നിന് ചിലവ് 200

ഒരുനേന്ത്രവാഴ നട്ടുപരിപാലിച്ച് കുല പാകമായി വരാൻ ശരാശരി 200 രൂപയോളം ചെലവിടണം. ഇതിൽനിന്ന് ഏകദേശം ഒമ്പത് കിലോയോളം തൂക്കമുള്ള കുല ലഭിച്ചാൽ പോലും വിറ്റഴിച്ചാൽ ലാഭം കിട്ടില്ല..