'റിലീസ് ചെയ്യാൻ കഴിയാത്ത സിനിമയിലെ നടന്റെ ആരാധകരിൽ നിന്ന് മോശം പ്രചാരണം', സൈബർ ആക്രമണത്തെക്കുറിച്ച് സുധ കൊങ്കര
ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്‌ത് കഴിഞ്ഞദിവസം റിലീസായ ചിത്രമാണ് 'പരാശക്തി'. ആദ്യ ദിനംമുതൽ ചിത്രത്തിന് നേരെ വ്യാപക സൈബർ ആക്രമണവും അധിക്ഷേപവും ഭീഷണിയും അരങ്ങേറുന്നുണ്ട്. ഇതിനെക്കുറിച്ച് ഇപ്പോൾ തുറന്നുപറയുകയാണ് സംവിധായിക സുധ കൊങ്കര. സൈബർ ആക്രമണങ്ങളും ഭീഷണിയും എവിടെനിന്നും ഉദ്ഭവിക്കുന്നെന്ന് എല്ലാവർക്കുമറിയാമെന്ന് അവർ പറഞ്ഞു.
'സിനിമ അതിന്റെ ലക്ഷ്യസ്ഥാനത്തെത്താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. സിനിമ സ്വയം സംസാരിച്ചാൽ മാത്രം പോര എന്ന് തോന്നുന്നു. വരുന്ന പൊങ്കൽ വാരാവസാനം കൂടുതൽ ആളുകളിലേക്ക് ചിത്രം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനിടെ പേരില്ലാത്ത ഐഡികൾക്ക് പിന്നിലൊളിച്ച് മോശം അപവാദ പ്രചരണവും മാനഹാനിയും നടക്കുന്നുണ്ട്. ഇതിനെ നാം നേരിടേണ്ടതുണ്ട്. എവിടെനിന്നും അത് വരുന്നെന്ന് നിങ്ങൾ അത്ഭുതപ്പെടാം? അവരുടെ കഴിവുകേടുകൊണ്ട് റിലീസ് ചെയ്യാനാകാത്ത ഒരു സിനിമയിലെ നടന്റെ ആരാധകരിൽ നിന്നാണ് വരുന്നത്. ഇതാണ് നമ്മൾ നേരിടുന്ന റൗഡിസം, ഗുണ്ടായിസം.' സുധ പറയുന്നു.
ജനനായകൻ എന്ന വിജയ് ചിത്രത്തിനൊപ്പം എത്തുമെന്ന് പറഞ്ഞ ചിത്രമാണ് പരാശക്തി. എന്നാൽ ജനുവരി 10ന് പരാശക്തി റിലീസായെങ്കിലും സെൻസർ പ്രശ്നമടക്കം കാരണം ജനനായകൻ ഇനിയും റിലീസായിട്ടില്ല. ആരാധകർക്ക് ആവേശമുണ്ടാക്കാൻ പരാശക്തിക്ക് കഴിഞ്ഞില്ലെങ്കിലും സാമ്പത്തികമായി ചിത്രം വിജയമാകുമെന്നാണ് സൂചന.