നായ കടിക്ക് കനത്ത പിഴ: നിലപാട് കടുപ്പിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: കുട്ടികൾക്കും പ്രായമായവർക്കും നേരെയുണ്ടാകുന്ന ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും. പൊതുജനത്തിന് ഏൽക്കുന്ന ഓരോ കടിക്കും മരണത്തിനും പരിക്കിനും നഷ്‌ടപരിഹാരം നൽകുന്ന, ഉത്തരം പറയേണ്ടിവരുന്ന സാഹചര്യമൊരുക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
സംസ്ഥാന സർക്കാരിനെയും തദ്ദേശ സ്ഥാപനങ്ങളെയും തെരുവു നായകൾക്ക് ഭക്ഷണം നൽകുന്നവരെയും ഉത്തരവാദികളാക്കും. അധികാരികളെയും നായപ്രേമികളെയും വെറുതെ വിടാൻ പോകുന്നില്ലെന്നും കടുത്ത ഉത്തരവിറക്കുമെന്നും സുപ്രീംകോടതി സൂചന നൽകി. പ്രശ്‌നത്തിനു നേരെ കോടതി കണ്ണുകൾ അടയ്‌ക്കണമെന്ന് നായപ്രേമികൾ ആഗ്രഹിക്കുന്നുണ്ടെന്നും സുപ്രീംകോടതി വാക്കാൽ പറഞ്ഞു.
സ്വമേധയാ എടുത്ത കേസിൽ ഇന്നലെ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച്. പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല. അധികൃതർ ദീർഘകാലമായി തുടരുന്ന നിഷ്ക്രിയത്വം കാരണം പ്രശ്‌നം പലമടങ്ങ് വർദ്ധിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. ജനുവരി 20ന് വാദം തുടരും.
നായ പ്രേമികൾ വീട്ടിൽ പോറ്റണം
വിഷയം വൈകാരികമാണെന്ന് നായപ്രേമികളുടെ അഭിഭാഷക മേനക ഗുരുസ്വാമി വാദിച്ചപ്പോൾ, നായകളുടെ കാര്യത്തിൽ മാത്രമല്ലേ ഇമോഷൻ ഉള്ളൂയെന്ന് കോടതി പരിഹസിച്ചു. തെരുവുനായകളോട് അത്ര സ്നേഹമാണെങ്കിൽ, ജനങ്ങളെ കടിക്കാനും പേടിപ്പിക്കാനും വിടുന്നതിനു പകരം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം നൽകി പരിപാലിക്കണം. വളർത്താനാണെങ്കിൽ ലൈസൻസ് എടുക്കണം. നായകളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് ഡൽഹിയിലെ 'ഡോഗ് അമ്മ" എന്നറിയപ്പെടുന്ന 80കാരിയായ പ്രതിമാ ദേവിക്കു വേണ്ടി അഭിഭാഷകർ ആവശ്യപ്പെട്ടു. തെരുവുകളിലെ അനാഥ കുട്ടികളെ ദത്തെടുത്തു കൂടേയെന്ന് കോടതി തിരിച്ചുചോദിച്ചു. മനുഷ്യർക്കുവേണ്ടി ആരും വാദിക്കുന്നില്ലെന്നും പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് പാർലമെന്റിൽ നടന്ന ചർച്ചകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, പാർലമെന്റ് അംഗങ്ങൾ 'വരേണ്യവർഗം" ആണെന്നായിരുന്നു കോടതിയുടെ പ്രതികരണം.
കോടതി നിലപാട് ശരി
പൊതുയിടങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ പരിസരം എന്നിവിടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണമെന്ന മുൻ ഉത്തരവിനെ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തർ അനുകൂലിച്ചു. വിഷയം പരിശോധിക്കാൻ പുതിയൊരു വിദഗ്ദ്ധസമിതി രൂപീകരിക്കണമെന്ന നായപ്രേമികളുടെ ആവശ്യത്തെ എതിർത്തു. ഉത്തരവിനെ അനുകൂലിച്ച ആദ്യ വ്യക്തിയാണ് ദത്തറെന്ന് കോടതി സന്തോഷം പ്രകടിപ്പിച്ചു. തെരുവുനായകളുടെ കണക്കു ശേഖരിക്കണമെന്ന നായപ്രേമിയുടെ നിർദ്ദേശം യാഥാർത്ഥ്യബോധമില്ലാത്തതെന്ന് നിരീക്ഷിച്ചു.
എലി, പാമ്പ്, നായ
എലി നിയന്ത്രണത്തിലും, ആവാസ വ്യവസ്ഥയുടെ സ്ഥിരതയിലും നായകൾക്ക് പങ്കുണ്ടെന്ന് അനിമൽ വെൽഫെയർ ട്രസ്റ്റ് അറിയിച്ചു. എലികളെ പിടിക്കാനെത്തുന്ന പാമ്പുകളുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്ന ഭാഗം കൂടി കോടതി കാണണമെന്ന് അഭ്യർത്ഥിച്ചു.