'10 മിനിട്ടിൽ ഡെലിവറി വേണ്ട: കർശന നിയന്ത്രണവുമായി കേന്ദ്രം
ന്യൂഡൽഹി: സേവനങ്ങൾ വേഗത്തിലാക്കാൻ ഓൺലൈൻ പ്ളാറ്റ്ഫോമുകൾ തുടങ്ങിയ 'പത്ത് മിനിട്ടിൽ ഡെലിവറി"ക്ക് നിറുത്തലാക്കും. കേന്ദ്ര തൊഴിൽ മന്ത്രാലയം അടിയന്തര നിർദ്ദേശം നൽകിയത്. വിതരണ തൊഴിലാളികളുടെ (ഗിഗ് തൊഴിലാളികൾ) പരാതിയിലാണ് നടപടി.
കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇടപെട്ട് ബ്ളിങ്കിറ്റ് 10 മിനിറ്റ് ഡെലിവറി വാഗ്ദാനം ബ്രാൻഡിംഗിൽ നിന്ന് നീക്കി. കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് ബ്ലിങ്കിറ്റ് ടാഗ്‌ലൈൻ '10 മിനിറ്റിനുള്ളിൽ 10,000ൽ അധികം ഉത്പന്നങ്ങളുടെ ഡെലിവറി" എന്നത് '30,000ലധികം" എന്നാക്കി പരിഷ്കരിച്ചു. കേന്ദ്ര നീക്കത്തെ സെപ്‌റ്റോ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ പ്ളാറ്റ്ഫോമുകൾ കോടതിയിൽ ചോദ്യം ചെയ്‌തേക്കും.
സാധനം പത്ത് മിനിട്ടിനുള്ളിലെത്തിക്കാൻ അതിവേഗം പോകുമ്പോൾ അപകടത്തിൽപ്പെടുന്നെന്നും ജോലി സമ്മർദ്ദവും വേതനക്കുറവും ചൂണ്ടിക്കാട്ടി ഗിഗ് തൊഴിലാളികൾ സമരത്തിലാണ്. സ്വിഗ്ഗി, സൊമാറ്റോ, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ട ഡെലിവറി തൊഴിലാളികളെയും ഡ്രൈവർമാരെയും പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ഫെഡറേഷൻ ഒഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സിന്റെ (ഐ.എഫ്.എ.ടി) ബാനറിലാണ് സമരം. ഇതേത്തുടർന്ന് തൊഴിൽ മന്ത്രി ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി, സൊമാറ്റോ കമ്പനികളുമായി നടത്തിയ ചർച്ചയ്‌ക്കു ശേഷമാണ് ഇന്നലത്തെ പുതിയ നിർദ്ദേശം നൽകിയത്.
കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡിൽ 'ഗിഗ് തൊഴിലാളികൾ", 'പ്ലാറ്റ്ഫോം തൊഴിലാളികൾ" എന്നിവരെ ഉൾപ്പെടുത്തി സാമൂഹിക സുരക്ഷാ നടപടികൾ രൂപപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നുണ്ട്.