അയൽവാസികൾ തമ്മിൽ തർക്കം, ഒരാൾ വെട്ടേറ്റ് മരിച്ചു

Wednesday 14 January 2026 1:16 AM IST

പാറശാല: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ വെട്ടേറ്റ് മരിച്ചു.വ്ലാത്താങ്കര അരുവല്ലൂർ ഊടുപോക്കിരി സ്വദേശി മനോജാണ് (40) മരിച്ചത്.സംഭവത്തിൽ വ്ലാത്താങ്കര ഊടുപോക്കിരി അരുവല്ലൂർ സ്വദേശിയും അയൽവാസിയുമായ ശശിധരനെ (57) പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവരും അടുത്തടുത്ത വീടുകളിലെ താമസക്കാരും,​ പഴയ സുഹൃത്തുക്കളും മദ്യപാനികളുമാണ്.ഇന്നലെ വൈകിട്ട് 4ന് അരുവല്ലൂർ ഊടുപോക്കിരിയിലെ വഴിയിൽ വച്ച് ഇരുവരും തമ്മിൽ കണ്ടു.തുടർന്നുണ്ടായ തർക്കത്തിൽ ശശിധരൻ കൈയിൽ കരുതിയിരുന്ന അരിവാൾ കൊണ്ട് മനോജിനെ വെട്ടുകയായിരുന്നു.ശേഷം ശശിധരൻ വീട്ടിലേക്ക് പോയി.വെട്ടേറ്റ് കിടന്ന മനോജിനെ ഏറെക്കഴിഞ്ഞാണ് നാട്ടുകാർ കാണുന്നത്.

തുടർന്ന് പൊലീസിനെ അറിയിച്ചു.പൊഴിയൂർ പൊലീസെത്തി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിയിലേക്ക് മാറ്റുകയുമായിരുന്നു.വെട്ടേറ്റ് ഒരു മണിക്കൂറോളം കഴിഞ്ഞാണ് നാട്ടുകാർ കണ്ടത്.രക്തം വാർന്നായിരുന്നു മരണം. മരണപ്പെട്ട മനോജ് മരം വെട്ടുകാരനാണ്.പന കയറ്റ് തൊഴിലാളിയാണ് ശശിധരൻ.പ്രതിയെ പൊഴിയൂർ പൊലീസ് ചോദ്യം ചെയ്യുകയാണ്.മൃതദേഹം മോർച്ചറിയിൽ.