അഴിമതി ആരോപണം: അന്വേഷണത്തിന് മുൻകൂർ അനുമതി വിശാലബെഞ്ചിന്
ന്യൂഡൽഹി: സർക്കാർ ജീവനക്കാരടക്കം പൊതു സേവകർക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി അനിവാര്യമോ എന്ന കാര്യം സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17എ നിയമപരമാണോയെന്ന ചോദ്യത്തിൽ ഭിന്ന വിധയുണ്ടായ സാഹചര്യത്തിലാണിത്.
,നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്ന വിധിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ല. പൊതുസേവകരുടെ അഴിമതി തടയുകയെന്ന ലക്ഷ്യത്തിനെതിരാണ് വ്യവസ്ഥ.എന്നാൽ ഭരണഘടനയുടെ പരിധിക്കുള്ളിൽ നിൽക്കുന്ന വകുപ്പാണെന്നാണാണ് മലയാളിയായ ജസ്റ്റിസ് കെ.വി. വിശ്വനാഥന്റെ നിലപാട്. മുൻകൂർ അനുമതി നൽകണമോയെന്നത് തീരുമാനിക്കേണ്ടത് എക്‌സിക്യൂട്ടീവിന് സ്വാധീനിക്കാൻ കഴിയാത്ത സ്വതന്ത്ര ഏജൻസിയായിരിക്കണം. കേന്ദ്രത്തിൽ ലോക്‌പാലും, സംസ്ഥാനങ്ങളിൽ ലോകായുക്തയും തീരുമാനമെടുക്കണം. സത്യസന്ധരായ പൊതുസേവകരെ കള്ള പരാതികളിൽ നിന്ന് സംരക്ഷിക്കാൻ ഈ വ്യവസ്ഥ അനിവാര്യമാണ്. വ്യത്യസ്‌ത നിലപാടുകൾ ഉയർന്നതിനെ തുടർന്നാണ് വിഷയം വിശാല ബെഞ്ചിലേക്ക് വിട്ടത്
ആ സമ്പത്ത്
വേണ്ടെന്ന് വയ്‌ക്കണം
മാതാപിതാക്കൾ അഴിമതിയിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കൾ തങ്ങൾക്ക് വേണ്ടെന്ന് യുവജനങ്ങളും കുട്ടികളും നിലപാടെടുക്കണമെന്ന് വിധിയിൽ ജസ്റ്റിസ് നാഗരത്ന . രാജ്യത്തോട് ചെയ്യുന്ന മികച്ച സേവനമായിരിക്കുമത്. ആ സമ്പത്തിന്റെ ഗുണഭോക്താക്കളാകരുത്. അഴിമതിരെ നിയന്ത്രണത്തിലാക്കാൻ അതു അനിവാര്യമാണെന്ന് ജസ്റ്റിസ് ചൃണ്ടിക്കാട്ടി.