ജി.പി.എഫ് : 5000ന് മുകളിലുള്ള തുകയ്ക്ക് സർട്ടിഫിക്കറ്റ് വേണ്ട

Wednesday 14 January 2026 1:03 AM IST

ന്യൂഡൽഹി: 5000ന് മുകളിലുള്ള ജനറൽ പ്രൊവിഡന്റ് ഫണ്ട് (ജി.പി.എഫ്) തുക ലഭിക്കാൻ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാർ ജീവനക്കാരൻ മരിക്കുന്ന സാഹചര്യങ്ങളിലെ അവ്യക്തതയാണ് ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് നീക്കിയത്.

1925ലെ പ്രൊവിഡന്റ് ഫണ്ട് നിയമ പ്രകാരം 5000ന് മുകളിലുള്ള തുക നോമിനിക്ക് ലഭിക്കാൻ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന കേന്ദ്ര സർക്കാർ വാദം തള്ളി. മരണപ്പെട്ട കേന്ദ്ര സർക്കാർ ജീവനക്കാരന്റെ നോമിനിക്ക് അനുകൂലമായി കൽക്കട്ട ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്‌താണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. 5000 എന്ന പരിധി 1925ലെ സാഹചര്യത്തിൽ വച്ചതാണ്. ഒരു നൂറ്റാണ്ടിനു ശേഷം ഈ വ്യവസ്ഥയ്‌ക്കു പ്രസക്തിയില്ല. നോമിനിക്ക് തന്നെയായിരിക്കണം തുക കൈമാറേണ്ടതെന്നും സുപ്രീം കോടതി നി‌ർദ്ദേശിച്ചു.