അനധികൃത കെട്ടിടത്തിന് നമ്പർ: പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ വാക്‌പോര്

Wednesday 14 January 2026 12:11 AM IST

പുതുക്കാട്: അനധികൃത കെട്ടിടത്തിന് നമ്പർ നൽകിയതിനെ ചൊല്ലി പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനവും വാക്‌പോരും.

ദേശീയ പാത നിർമ്മാണത്തിന് ഏറ്റെടുത്ത കെട്ടിടവും സ്ഥലവും കഴിഞ്ഞുള്ള ഒരു സെന്റ് സ്ഥലം കൈവശമുള്ള ഉടമ ദേശീയ പാതയുടെ സ്ഥലം കയ്യേറി നിർമ്മിച്ച കെട്ടിടത്തിന് നമ്പർ നൽകിയതിലാണ് തർക്കം. മുൻ ഭരണ സമിതിയുടെ അവസാന കാലഘട്ടത്തിൽ പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്യാതെയാണ് കെട്ടിടത്തിന് നമ്പർ നൽകാൻ തീരുമാനമെടുത്തതെന്ന് ഭരണകക്ഷിയിലെ അംഗങ്ങൾ തന്നെ ആരോപിച്ചു.

അനധികൃത കെട്ടിടത്തെ സംബന്ധിച്ച് കോടതിയിൽ നിലവിൽ കേസുകൾ നിലനിൽക്കേയാണ് പഞ്ചായത്തിന്റെ ജനവിരുദ്ധ തീരുമാനം. ഞായറാഴ്ച രാത്രി കെട്ടിടത്തിന് ചുറ്റുമതിൽ നിർമ്മാണവും ആരംഭിച്ചു. ഇന്നലെ നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ഭരണ പക്ഷ അംഗങ്ങളായ ജോളി ചുക്കിരിയുംസിന്റോ പയ്യപ്പിള്ളിയും ബി.ജെ.പി അംഗങ്ങൾക്കൊപ്പം പഞ്ചായത്ത് തീരുമാനത്തെ ചോദ്യം ചെയ്തു. തുടർന്ന് ചുറ്റുമതിൽ നിർമ്മാണം നിറുത്തിവയ്ക്കാൻ നോട്ടീസ് നൽകി.