ഇനി പൂക്കും താളം, ഭാവം, വർണം...
തൃശൂർ : പൂക്കൾ, 25 തരം പൂക്കൾ... അവിടെയെല്ലാം നാനാതരത്തിലുള്ള കലകൾ പൂക്കും. നിറമാർന്ന ഉടയാടകൾ ചിട്ടയോടെ ചലിക്കും. അനേകം കണ്ഠങ്ങളിൽ രാഗങ്ങൾ വിടരും. താളങ്ങൾ, തന്ത്രികളിൽ ഈണങ്ങൾ, ഭാവങ്ങൾ, ചിരികൾ, ആവേശത്തിന്റെ ആർപ്പോ ഈറോ വിളികൾ... അഞ്ച് ദിനങ്ങളിലേക്ക് പൂരനഗരി കാത്തുവച്ചിരിക്കുന്നത് ഇവയാണ്. സംസ്ഥാന സ്കൂൾ കലോത്സവം പൂക്കളുടെ പേരിട്ട വേദികളിൽ ഇനി തളിർക്കും, വളരും, വസന്തം വിരിക്കും. തനത് കലാരൂപങ്ങളും വാദ്യതാളലയങ്ങളും ഗോത്രകലാരൂപങ്ങളും സമന്വയിക്കുമ്പോൾ അത് കാഴ്ചയ്ക്കും കേൾവിക്കും നവ്യാനുഭവമാകും. ഇന്ന് രാവിലെ ഒന്നാം വേദിയിൽ കലോത്സവത്തിന്റെ പതാക കിഴക്കേ ഗോപുര നടയിൽ ഉയരും. പൂരം പ്രദർശന നഗരിയിലെ പ്രധാനവേദിയാണ് മുഖ്യആകർഷണം. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മോഹിനിയാട്ടത്തോടെ വേദികൾ ഉണരും. ഈ സമയം തേക്കിൻകാട് മൈതാനിയിലെ മറ്റ് രണ്ട് വേദികളിലടക്കം 24 വേദികളും പ്രതിഭകളുടെ കലാപ്രകടനത്തിന് സാക്ഷിയാകും. ഒന്നാം വേദിയിൽ പിന്നാലെ കലാപ്രേമികളെ ആകർഷിക്കുന്ന സംഘനൃത്തം അരങ്ങേറും. സി.എം.എസ് സ്കൂളിന് എതിർവശത്തുള്ള വേദിയിലാണ് ഭരതനാട്യം അരങ്ങേറുക. തേക്കിൻകാട്ടിൽ ബാനർജി ക്ലബ്ബിന് എതിർവശത്തുള്ള നീലക്കുറിഞ്ഞിയിൽ ഗോത്രകലാരൂപമായ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ പണിയനൃത്തം നടക്കും. ടൗൺ ഹാളിൽ മിമിക്രി, സേക്രട്ട് ഹാർട്ടിൽ പഞ്ചവാദ്യം ഹോളി ഫാമിലിയിൽ കേരള നടനം സാഹിത്യ അക്കാഡമി ഹാളിൽ ഓട്ടൻതുള്ളലും അരങ്ങേറും. മൂന്നു ദിവസങ്ങളിലായി 15000 ത്തോളം കലാ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ന് രാവിലെ ഒമ്പതരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദഘാടനം ചെയ്യും.
കാർമേഘം പടരുമോ...?
ഇന്നലെ വൈകിട്ട് പെയ്ത ചാറ്റൽ മഴ ആശങ്കയായി. ഇന്നലെ കൊടുങ്ങല്ലൂരടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. മഴ രസം കൊല്ലിയാകുമോയെന്നതാണ് സംഘാടകരുടെ ഭയം
കുളിർപ്പിക്കാൻ തണ്ണീർ കൂജകൾ
കലോത്സവം തണ്ണീർ കൂജകളിലെ തണുത്ത വെള്ളം കുടിച്ച് കുളിർമയോടെ അസ്വദിക്കാം. പ്രകൃതിയോട് ഇണങ്ങിയ മൺ പാത്രങ്ങൾ കൂടി കുടിവെള്ളത്തിനായി ഉപയോഗിക്കുയെന്ന ലക്ഷ്യത്തോടെ ഇത്തവണയും മൺകൂജയിലാണ് കുടിവെള്ളം നൽകുന്നത്. വർഷങ്ങൾക്ക് മുമ്പ് കലോത്സവ വേദികളിൽ തണ്ണീർകൂജ എന്ന പദ്ധതിയിലൂടെ ആരംഭിച്ച കുടിവെള്ള വിതരണം ഇത്തവണ തൃശൂരിലെ വേദികളിലും തുടരുകയാണ്. കലോത്സവത്തിന് ഉപയോഗിക്കുന്ന തണ്ണീർ കൂജമന്ത്രി ശിവൻകുട്ടി വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ കെ.എസ്.സുമ, വിനോദ് മേച്ചേരി, സായൂജ് ശ്രീമംഗലം, റഫീഖ് മായനാട്, രൂപേഷ്, കെ.വി.പ്രവീൺ , അഷറഫ് എന്നിവർ ചേർന്ന് കൈമാറി.
ഉത്സവപ്രതീതിയിൽ കലാപ്രതിഭകൾക്ക് സ്വീകരണം
തൃശൂർ: കലോത്സവത്തിന് എത്തുന്ന കലാപ്രതിഭകൾക്ക് ഉത്സവപ്രതീതിയിൽ സ്വീകരണം. രാവിലെ 10.40ഓടെ ആദ്യമെത്തിയത് തിരുവനന്തപുരത്ത് നിന്നുള്ള സംഘമാണ്. ട്രെയിനിറങ്ങിയതും പുലികളിയും ചെണ്ടമേളവുമെല്ലാം കണ്ടത്തോടെ കുട്ടികൾ ആവേശത്തിലായി. താളംപിടിച്ച് രണ്ട് പുലിച്ചുവടുകൾ വച്ചും ആഘോഷത്തോടെ പുറത്തേക്കിറങ്ങി. കെ.ടി.സി.ടി എച്ച്.എസ്.എസിലെ 22 വിദ്യാർത്ഥികളും നാല് അദ്ധ്യാപകരും അടങ്ങുന്ന ടീമിനെ മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.രാജനും ചേർന്ന് സ്വീകരിച്ചു. വിദ്യാർത്ഥികളെ താമസസ്ഥലത്തേക്ക് കൊണ്ടുപോകാനായി ഏർപ്പെടുത്തിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, പി.ബാലചന്ദ്രൻ എം.എൽ.എ, കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ എ.യു.വൈശാഖ് എന്നിവരും പങ്കെടുത്തു. ലൂർദ്ദ് സെന്റ് മേരീസ് സ്കൂളിൽ പ്രവർത്തിക്കുന്ന അക്കോമഡേഷൻ സെന്ററിലെത്തിയ കലാപ്രതിഭകളെ മധുരം നൽകി സ്വീകരിച്ചു.
രജിസ്ട്രേഷൻ ഒാഫീസ് ഉദ്ഘാടനം
രജിസ്ട്രേഷൻ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കോഴിക്കോട് ജില്ലയ്ക്ക് രജിസ്ട്രേഷൻ സാമഗ്രികൾ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. രജിസ്ട്രേഷൻ കമ്മിറ്റി തയ്യാറാക്കിയ ബ്രോഷറും മന്ത്രി പ്രകാശിപ്പിച്ചു. കലോത്സവത്തിൽ പങ്കെടുക്കുന്ന പതിനയ്യായിരത്തോളം വരുന്ന വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ സൗകര്യം ഒരുക്കുന്നതിന് 14 ജില്ലകൾക്കുമായി ഏഴ് മുറികളിലായി കൗണ്ടറുകൾ സജീകരിച്ചിട്ടുണ്ട്. സി. സി. മുകുന്ദൻ എം.എൽ.എ സംസാരിച്ചു.
എവിടെത്തിരിഞ്ഞാലും 'കലോത്സവം വൈബ് '
തൃശൂർ: കലയും സംസ്കാരവും ഒന്നിക്കുന്ന ശക്തന്റെ മണ്ണിലേക്ക് 'സാംസ്കാരിക ഒളിമ്പിക്സ്' എന്ന് അഴീക്കോട് മാഷ് വിശേഷിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവം വീണ്ടും വിരുന്നെത്തുന്നു. ഉത്സവത്തിന് ഇന്നാണ് തിരശീല ഉയരുന്നതെങ്കിലും ഇന്നലെ ഉച്ചയോടെ തന്നെ നഗരമാകെ കലോത്സവം വൈബിലായി. കലോത്സവത്തിന്റെ പ്രധാന വേദിയായ എക്സിബിഷൻ മൈതാനത്ത് മാത്രമല്ല, സ്വരാജ് റൗണ്ടിലും ഔട്ടർ റിംഗ് റോഡിലും നഗരകേന്ദ്രത്തിലേക്കുള്ള ഇടവഴികളിലുമെല്ലാം ഉത്സവപ്രതീതി. പൂരമെത്തുംമുൻപേയുള്ള ഉത്സവപ്പറമ്പിലെ ആൾക്കൂട്ടം പോലെ തെക്കെ ഗോപുരനടയ്ക്ക് മുൻപിലും ശക്തന്റെ പടിഞ്ഞാറെ നടയിലും എല്ലാം കൊച്ചുകൊച്ചു വിദ്യാർത്ഥി കൂട്ടങ്ങൾ..! പ്രധാന വേദിക്ക് മുൻപിൽ സ്റ്റാളുകളും സ്റ്റുഡിയോയും ഒരുക്കുന്ന തിരക്കിലായിരുന്നു മാദ്ധ്യമങ്ങളുടെ അണിയറ പ്രവർത്തകരെങ്കിൽ നേരത്തെയെത്തിയ കുട്ടികലാകാരൻമാരും അദ്ധ്യാപകരും കലോത്സവ നഗരി കാണുന്ന തിരക്കിലായിരുന്നു. വിഖ്യാതമായ തൃശൂർ പൂരം കുടമാറ്റത്തിനായി കരിവീരൻമാർ ഇറങ്ങിവരുന്ന തെക്കെ ഗോപുരനട തന്നെയായിരുന്നു പ്രധാന ആകർഷണം. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പ്രധാന കവാടമായ പടിഞ്ഞാറെ ഗോപുരനടയിലും സെൽഫിയെടുക്കാനും മറ്റുമായി എത്തുന്നവരേറെ. ടി.വിയിൽ മാത്രം കണ്ട സ്വരാജ് റൗണ്ടും തേക്കിൻകാട് മൈതാനവും ആദ്യമായി കാണുന്നവരായിരുന്നു കുട്ടികളിൽ ഭൂരിഭാഗവും. കലോത്സവത്തിന്റെ പ്രധാന മൂന്നുവേദികൾ തേക്കിൻകാട് തന്നെയായതും കുട്ടികലാകാരൻമാർക്കും ഉത്സവപ്രേമികൾക്കും ആഹ്ലാദം പകരുന്നുണ്ട്.
പത്താം ആതിഥ്യം
വൈലോപ്പിള്ളിയും കമല സുരയ്യയും (മാധവിക്കുട്ടി) കുഞ്ഞുണ്ണിമാഷും ആറ്റൂരും അമ്മന്നൂരും എല്ലാം പിറന്ന തൃശൂർ കലോത്സവത്തിന് ആതിഥ്യമരുളുന്നത് ഇത് പത്താം തവണ. ഏറ്റവുമൊടുവിൽ 2018ലായിരുന്നു. 1963, 1968, 1970 (ഇരിങ്ങാലക്കുട), 1978, 1993, 1986, 2004, 2012, 2018 എന്നീ വർഷങ്ങളിലാണ് മുൻപ് തൃശൂരിൽ കലോത്സവം അരങ്ങേറിയത്.
മീഡിയ പവലിയൻ ഉദ്ഘാടനം
തൃശൂർ: മീഡിയ പവലിയൻ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. ഐ.എം.വിജയൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഡി.പി.ഐ ഉമേഷ്, മീഡിയ കൺവീനർ റസാഖ്, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി.ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ എന്നിവർ സംബന്ധിച്ചു.