പ്രധാനമന്ത്രി 23ന് തലസ്ഥാനത്ത് :വികസന പദ്ധതി പ്രഖ്യാപിക്കും
തിരുവനന്തപുരം: കോർപറേഷൻ ഭരണം കിട്ടിയാൽ 45ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര നേരിട്ടെത്തി വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനൊരുങ്ങി ബി.ജെ.പി.മോദി 23ന് തിരുവനന്തപുരത്തെത്തും.പുത്തരിക്കണ്ടം മൈതാനത്തോ, സെൻട്രൽ സ്റ്റേഡിയത്തിലോ മെഗാ റാലി നടത്തും. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള വൻ വികസന പദ്ധതി രേഖ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 'മിഷൻ 2026' പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവും നിർവഹിക്കും
കേരളത്തിലേയും തമിഴ്നാട്ടിലേയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ 23നപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആദ്യം ചെന്നൈയിലായിരിക്കും എത്തുക. അവിടെ നിന്ന് മധുരയിലേക്കും തുടർന്ന് വിവാദമായ തിരുപ്പരൻകുണ്ഡ്രം സന്ദർശിക്കാനും പരിപാടിയുണ്ട്. അവിടെ മുരുക ക്ഷേത്രത്തിൽ ദീപം തെളിക്കുന്നതിന് തമിഴ്നാട്ടിലെ ഡി.എം.കെ.സർക്കാർ അനുമതി നിഷേധിച്ചു.ഇതിനെതിരെ ഭക്തർ കോടതിയെ സമീപിച്ച് അനുകൂലവിധി നേടി.എന്നിട്ടും സർക്കാർ വഴങ്ങിയില്ല.ഇതാണ് വിവാദമായത്. മധുരയിലാണ് തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചുള്ള റാലി . അവിടെ നിന്ന് തിരുവനന്തപുരത്തെത്തും.നഗരസഭാ ഭരണത്തിലൂടെ തലസ്ഥാനത്ത് നേടിയ ആധിപത്യം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താനുള്ള ബിജെപി നീക്കത്തിന്റെ
ഭാഗമാണ് ഈ സന്ദർശനം.