11.36 ലക്ഷത്തിന്റെ സൈബർ തട്ടിപ്പ്: മത്സ്യത്തൊഴിലാളി അറസ്റ്റിൽ
Wednesday 14 January 2026 4:20 AM IST
കൊച്ചി: രണ്ട് കൊല്ലം മുമ്പ് നടന്ന ഓൺലൈൻ തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ മത്സ്യത്തൊഴിലാളി കെ. ഡെൽജിയാണ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. കാക്കനാട് ഇടച്ചിറ സ്വദേശിയിൽ നിന്ന് 2004 മാർച്ചിൽ ഓൺലൈൻ ഇടപാടിലൂടെ 11.36 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയാണ്. ഡെൽജിയുടെ ബാങ്ക് അക്കൗണ്ട് വഴി ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ തുകയുടെ ഇടപാട് നടന്നതായി സൈബർസെൽ കണ്ടെത്തിയിരുന്നു. സൈബർ തട്ടിപ്പ് സംഘം ഇയാളുടെ അക്കൗണ്ട് വഴി ഇടപാട് നടത്തിയതായാണ് സൂചന. ഇന്നലെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.