വെളിയന്നൂർ ഇൻഡോർ സ്റ്റേഡിയം അടച്ചുപൂട്ടി

Wednesday 14 January 2026 1:23 AM IST

തിരുവനന്തപുരം: വെളിയന്നൂർ ഇൻഡോർ സ്റ്റേഡിയം വെള്ളനാട് ഗ്രാമപഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി. പ്രദേശത്തെ യുവാക്കൾ മാസങ്ങളായി ബാഡ്മിന്റൺ പരിശീലനത്തിന് ഉപയോഗിക്കുന്ന ഇടമാണിത്. വൈദ്യുതി ചാർജ്ജ് ഒടുക്കുന്നതും ഇവരാണ്. സ്റ്റേഡിയത്തിലേക്ക് കൂടുതൽ യുവാക്കളെത്തിയതോടെ പഞ്ചായത്തിലെ സ്വകാര്യ ടർഫുകൾക്ക് വരുമാനം കുറഞ്ഞു.

ഇതോടെ സ്വകാര്യ ടർഫുടമകൾ പഞ്ചായത്ത് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി പഞ്ചായത്ത് അധികൃതർ യാതൊരു മുന്നറിയിപ്പും നൽകാതെ സ്റ്റേഡിയം അടച്ചുപൂട്ടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ഷട്ടിൽ പ്രാക്ടീസിനെത്തിയപ്പോഴാണ് പൂട്ടിയതായി കണ്ടത്. പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടപ്പോൾ അറ്റകുറ്റപണിക്കുവേണ്ടി അടച്ചെന്നാണ് പറഞ്ഞത്. നിലവിൽ അറ്റകുറ്റപണിക്കായി പണം നീക്കിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അനിശ്ചിതകാലത്തേക്ക് പൂട്ടിയിടാനുള്ള നീക്കമാണിതെന്ന് പ്രദേശവാസികൾ പറയുന്നു. കേന്ദ്രസർക്കാരിന്റെ ശ്യാമപ്രസാദ് മുഖർജി നാഷണൽ അർബൻ മിഷൻ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച സ്റ്റേഡിയം നാലുവർഷത്തോളം അശാസ്ത്രീയ നിർമ്മാണം കാരണം അടച്ചിട്ടിരുന്നു. പരാതികളെ തുടർന്ന് ഗ്രാമപഞ്ചായത്ത് വീണ്ടും വൻ തുക മുടക്കി അറ്റകുറ്റപണികൾ നടത്തി, വൈദ്യുതി കണക്ഷനും ലഭ്യമാക്കി നാലുമാസം മുമ്പാണ് തുറന്നത്.