വിതുര താവയ്ക്കൽ കാട്ടുപോത്തുകളുടെ വിഹാരകേന്ദ്രം

Wednesday 14 January 2026 1:24 AM IST

വിതുര: വിതുര പഞ്ചായത്തിലെ താവയ്ക്കൽ മേഖലയിൽ കാട്ടുപോത്തുകൾ ഭീതിപരത്തുന്നു. പ്രദേശത്തെ നൂറോളം ഏക്കറുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് വർഷങ്ങളായി കാട്ടുപോത്തുകൾ വിഹരിക്കുന്നത്. സമീപത്തെ വനമേഖലയിൽ നിന്ന് വാമനപുരം നദി നീന്തിക്കടന്നാണ് കാട്ടുപോത്തുകളെത്തുന്നത്. പകൽ സമയത്തുപോലും ഇവിടെ കാട്ടുപോത്തുകളുടെ വിളയാട്ടമാണ്. രാത്രിയിൽ പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലേക്കും ഇവയെത്താറുണ്ട്. നേരത്തേ തോട്ടത്തിൽ വിറക് ശേഖരിക്കാനെത്തിയ വീട്ടമ്മയേയും തേവിയോട് മാതളത്ത് ഗൃഹനാഥനെയും കാട്ടുപോത്ത് ആക്രമിച്ചിരുന്നു. ടാപ്പിംഗ് തൊഴിലാളികളും ഭീതിയിലാണ്. ഇവയുടെ ശല്യത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ വനപാലകർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. കാട്ടുപോത്തുകളെ ഓടിച്ച് വനത്തിൽ വിട്ടാലും വീണ്ടും മടങ്ങിയെത്തുകയാണ് പതിവ്. കാട്ടുപോത്തിന് പുറമേ മേഖലയിൽ പുലി ശല്യവുമുണ്ട്.

ടൂറിസ്റ്റുകളുടെ പറുദീസ

പ്രകൃതിരമണീയതയാൽ സമ്പന്നമായ മേഖലയാണ് താവയ്ക്കൽ. മനോഹരമായ വെള്ളച്ചാട്ടമുള്ള താവയ്ക്കലിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്താറുണ്ട്. പൊൻമുടിയിൽ എത്തുന്ന വിനോദസഞ്ചാരികൾ താവയ്ക്കലിലെ വെള്ളച്ചാട്ടവും സന്ദർശിച്ചശേഷമാണ് മടങ്ങാറുള്ളത്. അതേസമയം കുളിക്കുന്നതിനിടയിൽ ടൂറിസ്റ്റുകളടക്കം അനവധി യുവാക്കൾ കയത്തിൽ മുങ്ങി മരിച്ചിട്ടുണ്ട്. കാട്ടുമൃഗങ്ങളുടെ ശല്യം ഇവിടെയെത്തുന്ന ടൂറിസ്റ്റുകളേയും പ്രതികൂലമായി ബാധിക്കുന്നു.

ബലിതർപ്പണകേന്ദ്രവും

പ്രസിദ്ധമായ ബലിതർപ്പണകേന്ദ്രം കൂടിയാണ് താവയ്ക്കൽ. സ്ത്രീകളടക്കം ആയിരക്കണക്കിന് പേർ വർഷംതോറും ഇവിടെ ബലിതർപ്പണം നടത്താനെത്തുന്നു. ബലിമണ്ഡപവുമുണ്ട്. താവയ്ക്കൽ അപ്പൂപ്പൻകാവ് ക്ഷേത്രവും പ്രവർത്തിക്കുന്നുണ്ട്.

പ്രതികരണം: വിതുര പഞ്ചായത്തിലെ താവയ്ക്കൽ മേഖലയിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

താവയ്ക്കൽ നിവാസികൾ