ഓടുന്ന കാറിൽ വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി
ജയ്പൂർ: പ്ലസ് ടു വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ വച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. സംഭവത്തിൽ ഒരാളെ ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി രാജസ്ഥാൻ പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്യലിനായി ബിക്കാനീറിലെത്തിച്ചു. രണ്ടാമത്തെ പ്രതിക്കും വാഹനത്തിനുമായുള്ള തെരച്ചിൽ ഊർജ്ജിതമാണ്. കഴിഞ്ഞയാഴ്ച പെൺകുട്ടി സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്രതികൾ കാറിലെത്തുകയും സ്കൂളിലാക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. പെൺകുട്ടി എതിർത്തെങ്കിലും നിർബന്ധിച്ചു. ഒരാൾ പരിചയക്കാരനായതിനാൽ വിദ്യാർത്ഥി വിശ്വസിച്ച് കാറിൽ കയറിയെന്ന് പൊലീസ് പറയുന്നു. തുടർന്ന് പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയും വീടിനടുത്ത് ഇറക്കിവിടുകയുമായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോകൽ, കൂട്ടമാനഭംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ബിക്കാനീർ പൊലീസ് സൂപ്രണ്ട് കാവേന്ദ്ര സാഗർ പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.