ബി.ജെ.പി ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘം

Wednesday 14 January 2026 1:06 AM IST

ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി.പി.സി) നേതാക്കൾ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയതിനെ വിമർശിച്ച് കോൺഗ്രസ്.

സൗഹൃദ സന്ദർശനമെന്നാണ് ബി.ജെ.പിയും ആർ.എസ്.എസും നൽകിയ വിശദീകരണം. സി.പി.സിയുടെ അന്താരാഷ്ട്ര വകുപ്പ് ഉപമന്ത്രി സൺ ഹയാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രണ്ടു ദിവസങ്ങളിലായാണ് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തും ആർ.എസ്.എസിന്റെ ആസ്ഥാനമായ കേശവ്കുഞ്ചിലുമെത്തിയത്. ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്‌ഹോങ്ങും പങ്കെടുത്തു. തൊട്ടടുത്ത ദിവസം ആർ.എസ്.എസ് ഓഫീസിൽ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയെയുമായി ഒരു മണിക്കൂർ ചർച്ച നടത്തി. ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭാഗവത് യാത്രയിലായിരുന്നെന്നും യോഗത്തിന് പ്രത്യേക അജണ്ട ഉണ്ടായിരുന്നില്ലെന്നും ആർ.എസ്.എസ് അറിയിച്ചു.

2014ൽ ബി.ജെ.പി അധികാരമേറ്റ ശേഷം ആദ്യമായാണ് സി.പി.സി സംഘവുമായുള്ള കൂടിക്കാഴ്‌ച. 2020ലെ ഗാൽവാൻ സംഘർഷത്തോടെ വഷളായ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതും അന്താരാഷ്ട്ര തലത്തിലെ പാർട്ടി ഇടപെടലുകൾ സംഘടിപ്പിക്കുന്ന വിഭാഗത്തിന്റെ പ്രതിനിധികൾക്ക് ഇന്ത്യ സന്ദർശിക്കാൻ വഴിയൊരുക്കി.

ശതാബ്‌ദിയുടെ ഭാഗമായി കഴിഞ്ഞ വർഷം ആഗസ്റ്റിൽ, ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രഭാഷണ പരമ്പരയ്‌ക്ക് നിരവധി വിദേശ പ്രതിനിധികളെ ക്ഷണിച്ചപ്പോൾ ചൈനീസ് നയതന്ത്രജ്ഞരെ ഒഴിവാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടന്ന പ്രഭാഷങ്ങളിൽ പാക്, തുർക്കി പ്രതിനിധികളെയും ക്ഷണിച്ചിരുന്നില്ല. 2009ൽ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ പ്രതിനിധി സംഘം ബീജിംഗ് സന്ദർശിച്ചപ്പോഴും സമാനമായ യോഗം നടന്നിരുന്നു.

'ചുവപ്പ് കണ്ണോടെ നോക്കിയവർ

ചുവപ്പ് പരവതാനി വിരിച്ചു'

ചൈനയെ ചുവന്ന കണ്ണോടെ നോക്കിയ ബി.ജെ.പി ചൈനീസ് നേതാക്കൾക്ക് ചുവപ്പ് പരവതാനി വിരിച്ചത് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്. അധികാരത്തിലില്ലാത്തപ്പോഴും ബി.ജെ.പി സി.പി.സിയുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. പാർട്ടി നേതാക്കൾ ചൈന സന്ദർശിച്ചിരുന്നു. വിദേശ രാഷ്ട്രീയ സ്ഥാപനങ്ങളുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതിനെ എതിർക്കുന്നില്ല. ബി.ജെ.പിയുടെ ഇരട്ടത്താപ്പ്, കാപട്യം, വഞ്ചന എന്നിവയാണ് എതിർക്കുന്നത്. കോൺഗ്രസിനുമേൽ ചൈനാ ബന്ധം ആരോപിച്ചവരാണ് ഇപ്പോൾ യോഗം നടത്തിയത്. ബി.ജെ.പിയുടെ ഉദ്ദേശ്യങ്ങൾ ദുരൂഹമാണ്. അടച്ച മുറിക്കുള്ളിലെ യോഗങ്ങൾക്ക് രാജ്യം വില നൽകേണ്ടി വരും. ജമ്മുകാശ്‌മീരിൽ ചൈനീസ് കമ്പനികൾക്ക് കരാർ നൽകുന്നതും ഗുജറാത്തിൽ മന്ദാരിൻ പഠിപ്പിക്കുന്നതും പ്രധാനമന്ത്രി മോദിക്ക് ചൈനയെ ഭയമായതിനാലാണ്. ഷാക്‌സ്ഗാം വിഷയം ചൈനീസ് പ്രതിനിധികളോട് ഉന്നയിച്ചോയെന്നും പവൻ ഖേര ചോദിച്ചു.

ഇടതു നേതാക്കളെയും കണ്ടു

സൺ ഹയാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ചൈനീസ് അംബാസഡർ സു ഫെയ്‌ഹോങ്ങും ഡൽഹി ചൈനീസ് എംബസിയിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.എം പിബി അംഗം അരുൺ കുമാർ, ഫോർവേഡ് ബ്ളോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി.