ഇറാൻ പ്രക്ഷോഭം ചർച്ചക്കില്ല, പ്രതിഷേധം തുടരുക ഇറാൻ ജനതയ്ക്ക് സന്ദേശവുമായി ട്രംപ്
വാഷിംഗ്ൺ: ഇറാനുമായി ചർച്ചയ്ക്കില്ലെന്നും ഇറാൻ ജനതയോട് പ്രതിഷേധം തുടരാനും നിർദ്ദേശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രക്ഷോഭകരെ പിന്തുണക്കുമെന്നും സഹായം ഉടനെത്തുമെന്നും പറഞ്ഞു. പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് നിറുത്തുംവരെ ചർച്ചയ്ക്കില്ലെന്നും വ്യക്തമാക്കി.മരണസംഖ്യ 2,000 ആയി ഉയർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ട്രൂത്ത് സോഷ്യൽ മീഡിയ പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കിയത്.
'ഇറാനിയൻ ദേശസ്നേഹികളേ, പ്രതിഷേധം തുടരൂ - നിങ്ങളുടെ സ്ഥലം ഏറ്റെടുക്കൂ!!!... സഹായം ഉടൻ എത്തും."കൊലപാതകികളുടെയും അതിക്രമം ചെയ്യുന്നവരുടെയും പേരുകൾ ഓർത്തുവെക്കുക. അവർ വലിയ വില നൽകേണ്ടിവരും. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നത് വരെ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കിയിട്ടുണ്ട് - ട്രംപ് പോസ്റ്റിൽ കുറിച്ചു.ഇറാനെ വീണ്ടും മഹത്തരമാക്കൂ എന്നും അദ്ദേഹം കുറിച്ചു.
അതേസമയം ട്രംപിന്റെ പ്രസ്താവനയിൽ ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി മേധാവി അലി ലാരിജാനി രംഗത്തെത്തി. ഇറാൻ ജനതയുടെ പ്രധാന കൊലയാളികളുടെ പേരുകൾ തങ്ങൾ വെളിപ്പെടുത്താമെന്നും.ട്രംപ്, നെതന്യാഹു എന്നും ലാരിജാനി സോഷ്യൽ മീഡിയയിൽ കുറിച്ചു. ട്രംപിന്റെ ഭീഷണിക്കു വഴങ്ങില്ലെന്നും യു.എസിന്റെ ഏത് ആക്രമണത്തെയും നേരിടാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.