ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ ക്രെയിൻ വീണ് അപകടം; തായ്‌ലൻഡിൽ 22 പേർ മരിച്ചു, 30 പേർക്ക് പരിക്ക്
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ ക്രെയിൻ വീണുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ഒരു ബോഗിക്ക് മുകളിലേക്കാണ് ക്രെയിൻ വീണത്. അതിവേഗ റെയിൽപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുകയായിരുന്നു. ഇതിനിടെയാണ് ട്രെയിൻ അതുവഴി വന്നത്. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ അകലെ നഖോൺ സിഖിയോ ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഉബോൺ റാച്ചതാനി പ്രവിശ്യയിലേക്ക് പോകുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ക്രെയിൻ തകർന്ന് മുകളിലേക്ക് വീണതോടെ പാളം തെറ്റി ട്രെയിനിന് തീപിടിച്ചുവെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തീ അണച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചത്.