നിങ്ങൾ ലജ്ജിക്കണം; ഒറ്റയ്‌ക്ക് യാത്രചെയ്‌ത 10 വയസ്സുള്ള മകളോട് മോശമായി പെരുമാറി, ഇൻഡിഗോയ്‌ക്കെതിരെ എഴുത്തുകാരൻ

Wednesday 14 January 2026 12:18 PM IST

ന്യൂഡൽഹി: പത്ത് വയസുകാരിയായ മകളോട് ഇൻഡിഗോ എയർലൈനിലെ ജീവനക്കാരി മോശമായി പെരുമാറിയെന്ന് ആരോപിച്ച് എഴുത്തുകാരനും ഗാനരചയിതാവുമായ നിലേഷ് മിശ്ര രംഗത്ത്. ലക്‌നൗവിൽ നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഒറ്റയ്‌ക്ക് യാത്രചെയ്‌ത മകൾ വൈദേഹിയോട് ജീവനക്കാരി പരുക്കനായി പെരുമാറിയെന്നാണ് നിലേഷ് മിശ്ര ആരോപിക്കുന്നത്. എക്‌സിൽ പങ്കിട്ട പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇൻഡിഗോയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചത്.

' ഈ പെൺകുട്ടി എന്നെ അസ്വസ്ഥയാക്കുന്നു. ഇവൾ വളരെ കൗശലക്കാരിയാണ്. നിനക്ക് കണ്ണുകളില്ലേ? പോയി ഭക്ഷണം കഴിക്കൂ'.- ലക്‌നൗവിൽ നിന്ന് ഗോവയിലേക്ക് യാത്രചെയ്‌ത എന്റെ 10 വയസുള്ള മകൾ വൈദേഹി മിശ്രയോട് ജീവനക്കാരി സംസാരിച്ചത് ഈ രീതിയിലാണ്. കൂടുതൽ മോശമായ രീതിയിൽ അവർ സംസാരിച്ചിട്ടുണ്ട്'.- നിലേഷ് മിശ്ര എക്‌സിൽ കുറിച്ചു. ഫോണിലൂടെ താൻ ബന്ധപ്പെട്ടിട്ടും ജീവനക്കാരി തന്റെ പരുക്കൻ മനോഭാവം തുടർന്നെന്നും നിലേഷ് മിശ്ര ആരോപിച്ചു.

'ഇൻഡിഗോയുടെ മുതിർന്നവരോടുള്ള ധാർഷ്ട്യത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. ഇന്ന് ഞാൻ ഒരു കുട്ടിയോടും ഞാനത് കണ്ടു. എനിക്ക് ആ വ്യക്തിയെ വിളിച്ച് സംസാരിക്കേണ്ടി വന്നു. പക്ഷേ അവർ അപ്പോഴും ആ മനോഭാവം തുടർന്നു. നിങ്ങൾ ലജ്ജിക്കണം' - എയർലൈനിനെ ടാഗ് ചെയ്‌തുകൊണ്ട് അദ്ദേഹം പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.

നിലേഷ് മിശ്രയുടെ പോസ്‌‌റ്റിന് മറുപടിയുമായി ഇൻഡിഗോ വക്താവ് രംഗത്തെത്തി. ഈ വിഷയം എയർലൈൻ പ്രഥമപരിഗണനയിൽ ഏറ്റെടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എയർലൈൻ ഉറപ്പ് നൽകി. ബർഫി, ബജ്രംഗി ഭായിജാൻ തുടങ്ങിയ സിനിമകളുടെ ഗാനരചയിതാവും ഏക് താ ടൈഗറിന്റെ തിരക്കഥാകൃത്തുമാണ് നിലേഷ് മിശ്ര.