അക്ഷരങ്ങളെ പ്രണയിച്ച രണ്ട് പെൺകുട്ടികൾ; തരംഗമായി 'ഓറ ടെയ്ൽസ്' സംരംഭം

Wednesday 14 January 2026 12:21 PM IST

വെല്ലുവിളികൾ നിറഞ്ഞ പുസ്തക പ്രസാധന രംഗത്ത് കസേര വലിച്ചിട്ട് ഇരിക്കുകയാണ് അക്ഷരങ്ങളെ പ്രണയിച്ച രണ്ട് പെൺകുട്ടികൾ. വയനാടിന്റെ മണ്ണിൽ നിന്ന് സരിഗയും പെരിന്തൽമണ്ണയിൽ നിന്ന് ശ്രുതിയും കോഴിക്കോട് താവളമാക്കിയപ്പോൾ പിറന്നത് 'ഓറ ടെയ്ൽസ്' എന്ന പുസ്തക പ്രസിദ്ധീകരണ സംരംഭം. തലസ്ഥാനത്ത് നിയമസഭാ പുസ്തകോത്സവത്തിൽ എത്തി നിൽക്കുന്നു അവരുടെ പടയോട്ടം.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ സരിഗയും, ബിരുദത്തിന് ശേഷം ഭാഷാ പരിശീലകയായി ജോലി ചെയ്തിരുന്ന ശ്രുതിയും വായനയോടുള്ള തങ്ങളുടെ തീക്ഷ്ണമായ അഭിനിവേശത്തെ ഒരു പ്രസാധക സംരംഭമാക്കി മാറ്റുകയായിരുന്നു. ഭാഷാ പരിശീലന പരിപാടിയിൽ കണ്ടുമുട്ടിയ ഇരുവരെയും വായനയാണ് കൂട്ടിയോജിപ്പിച്ചത്.

'ബുക്കിംഷ്ക' മുതൽ 'ഓറ' വരെ

മറ്റ് പബ്ലിക്കേഷനുകളുടെ പുസ്തകങ്ങൾ ഓൺലൈൻ കൂട്ടായ്മയിലൂടെ പുനർവില്പന നടത്തിയാണ് ഇരുവരും യാത്ര തുടങ്ങിയത്. വായനക്കാർ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ എത്തിച്ചു നൽകുന്ന ഇവരുടെ 'ബുക്കിംഷ്ക' എന്ന കൂട്ടായ്മയിൽ ഇരുപതിനായിരത്തിലേറെ അംഗങ്ങളായി. വായനക്കാരുടെ താല്പര്യങ്ങളും ട്രെൻഡുകളും മനസ്സിലാക്കാൻ ഈ അനുഭവം സഹായിച്ചു.

ഈടുറ്റ രചനകൾ വായനക്കാരിലേക്ക് എത്തിക്കാൻ രണ്ട് വർഷം മുമ്പാണ് 'ഓറ' പബ്ലിക്കേഷൻസ് ആരംഭിച്ചത്. പുനർവില്പനയും പബ്ലിക്കേഷനും ഒരുമിച്ച് മുന്നോട്ട്. എഴുത്തുകാരെ നേരിട്ട് കണ്ട് ചർച്ച ചെയ്ത് കൃതികൾ വിലയിരുത്തിയശേഷമാണ് വായനക്കാരിലേക്ക് എത്തിക്കുന്നത്.

മണികണ്ഠൻ കൊളത്തൂരിന്റെ 'ഗോഷ്ഠി', എസ്.കെ. ഹരിനാഥിന്റെ 'മണ്ണ്', മാത്യു കുര്യാക്കോസിന്റെ 'റൂഹ്', രജീഷ് ബാലയുടെ 'കുമർച്ച',​ നിസാര്‍ ഇല്‍ത്തുമിഷിന്റെ 'ദായമ്മക്കൈ', സൗമ്യ വിദ്യാധറിന്റെ ലിലിത്ത് ദി. ഫസ്റ്റ് വുമൺ, റിയാ ഫാത്തിമയുടെ 'മർജ്ജ് മണക്കുന്ന കാലം', ആദർശ്‌ വി ജിയുടെ 'നിയതിയുടെ ശതാബ്ദങ്ങൾ', ദിപു ജയരാമന്റെ 'കോളനി', തുടങ്ങി ഓറയിലൂടെ പുറത്തിറങ്ങിയ രചനകൾ ബെസ്റ്റ് സെല്ലറുകളാണ്.