'ഇതെല്ലാം ചെയ്‌തിട്ടും ട്രംപ് ജീവിച്ചിരിക്കുന്നത് അത്ഭുതമാണ്'; പ്രത്യേക ശീലം വെളിപ്പെടുത്തി യുഎസ് ആരോഗ്യ സെക്രട്ടറി

Wednesday 14 January 2026 12:39 PM IST

വാഷിംഗ്‌ടൺ: അച്ചടക്കം, സ്റ്റാമിന, ആരോഗ്യം എന്നിവയെക്കുറിച്ചെല്ലാം വാതോരാതെ പ്രസംഗിക്കുന്ന വ്യക്തിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, അദ്ദേഹത്തിന്റെ ഭക്ഷണശീലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ. ട്രംപ് വൈറ്റ് ഹൗസിൽ എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്നും ഒരു പോഡ്‌കാസ്റ്റിലൂടെ അദ്ദേഹം നർമ്മരൂപത്തിൽ പറഞ്ഞു.

'ട്രംപിന്റെ ഉടമസ്ഥതയിലുള്ള ആഡംബര ക്ലബായ മാർ - എ - ലാഗോയിലും വൈറ്റ് ഹൗസിലും ഉള്ളപ്പോൾ മാത്രമാണ് അദ്ദേഹം ആരോഗ്യകരമായ ഭക്ഷണം കഴിക്കാറുള്ളത്. എന്നാൽ, യാത്രകൾ ചെയ്യുന്ന സമയത്ത് അങ്ങനെയല്ല. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് അറിയാം. ദിവസം മുഴുവൻ ശരീരത്തിൽ വിഷം നിറയ്‌ക്കുകയാണെന്ന് തോന്നിപ്പോകും.

യാത്ര ചെയ്യുമ്പോൾ ഫുഡ് പോയിസൺ ഉണ്ടാകാതിരിക്കാനായി മക്ഡൊണാൾഡ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷണമാണ് അദ്ദേഹം കഴിക്കാറുള്ളത്. ഇത്രയെല്ലാം ജങ്ക് ഭക്ഷണം കഴിച്ചിട്ടും അദ്ദേഹത്തിന്റെ പ്രതിരോധശേഷിയെക്കുറിച്ച് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഇത്തരം ഭക്ഷണങ്ങൾ നിരന്തരം കഴിച്ചാൽ ഒരാൾ എങ്ങനെ ജീവിച്ചിരിക്കും. പക്ഷേ, അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഊർജസ്വലനായ വ്യക്തിയാണ് പ്രസിഡന്റ്'- കെന്നഡി ജൂനിയർ പറഞ്ഞു.