കുളികഴിഞ്ഞാലുടൻ കുറിതൊടണം, ഇതിനുപിന്നിൽ വിശ്വാസം മാത്രമല്ല ശാസ്ത്രവുമുണ്ട്

Wednesday 14 January 2026 1:39 PM IST

കുളികഴിഞ്ഞാലുടൻ കുറിതൊടണം. വിശ്വാസികളും പഴമക്കാരും ഇങ്ങനെ പറയുന്നതിന് കാരണങ്ങൾ പലതാണ്. വിശ്വാസം മാത്രമല്ല,ശാസ്ത്രപരമായ സത്യവും ഇതിനുപിന്നിലുണ്ടെന്നാണ് പലരും പറയുന്നത്. സാധാരണയായി നെറ്റിത്തടം, കഴുത്ത്, നെഞ്ച് കൈകാലുകൾ എന്നിവിടങ്ങളിലാണ് കുറിതൊടുന്നത്.ഈ ഭാഗങ്ങളിൽ കുറിതൊട്ടാൽ അയാൾ മനസുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വെളിച്ചംമാത്രം ഉണ്ടാക്കുന്നവൻ എന്ന് അർത്ഥമാക്കുന്നു എന്നാണ് ആചാര്യന്മാർ പറയുന്നത്.

നെറ്റിയിൽ കുറിതൊടുന്നത് ചിന്തകളിലും ബുദ്ധിയിലും വെളിച്ചമുണ്ടെന്ന് കാണിക്കാനാണ്. വികാരങ്ങളിൽ വെളിച്ചം മാത്രമാണെന്നും ദുഷ്ടചിന്തകൾ ഒന്നും ഇല്ലെന്നും കാണിക്കാനാണ് നെഞ്ചിൽ കുറിതൊടുന്നത്. കഴുത്തിൽ കുറിതൊടുന്നതിലൂടെ വാക്കുകളിലും കൈകളിൽ തൊടുന്നതിലൂടെ പ്രവൃത്തികളിലും കാലുകളിൽ തൊടുന്നതിലൂടെ നിലനിൽപ്പിലും വെളിച്ചമുണ്ടെന്ന് കാണിക്കുന്നു എന്നും ആചാര്യന്മാർ പറയുന്നു. (ഇതിൽ ചില എതിർപ്പുകളുണ്ടാവാം).

കുറി അഥവാ തിലകം ജ്ഞാനത്തിന്റെ പ്രതീകമാണ്. കുളി കഴിഞ്ഞുമാത്രമേ കുറിതൊടാവൂ. വിശ്വാസപ്രകാരം ചന്ദനം, ഭസ്മം, കുങ്കുമം എന്നിവയാണ് സാധാരണ കുറിതൊടാൻ ഉപയോഗിക്കുന്നത്. ചന്ദനം വിഷ്ണുപ്രീതികരവും, ഭസ്മം ശിവപ്രീതികരവും കുങ്കുമം ശക്തിപ്രീതികരവുമാണെന്നാണ് വിശ്വാസം. ഭസ്മക്കുറിതൊട്ടശേഷം അതിൽ കുങ്കുമം ധരിക്കുന്നത് ശിവശക്തി പ്രതീകവും ചന്ദനം തൊട്ടശേഷം അതിൽ കുങ്കുമം ധരിക്കുന്നത് വിഷ്ണുലക്ഷ്മീ പ്രതീകവും ഭസ്മവും ചന്ദനവും തൊട്ട് അതിനുനടുവിൽ കുങ്കുമം ധരിക്കുന്നത് ത്രിപുര സുന്ദരീ പ്രതീകവുമാണ്. രാവിലെ ഉണർന്ന് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞശേഷം കൈയും കാലും മുഖവും കഴുകുകയോ, കുളിക്കുകയോ ചെയ്തശേഷം വേണം ഭസ്മം തൊടാൻ.രാവിലെയാണെങ്കിൽ നനച്ചും സന്ധ്യാസമയങ്ങളിൽ നനയ്ക്കാതെയും വേണം ഭസ്മം തൊടാൻ. നനഞ്ഞ ഭസ്മം ശരീരത്തിലെ അമിതമായ ജലാംശത്തെ വലിച്ചെടുക്കും. നനയാത്ത ഭസ്മമാണെങ്കിൽ ശരീരത്തിലെ അണുക്കളെ നശിപ്പിക്കും. എന്നാൽ സ്ത്രീകൾ ഭസ്മം നനച്ച് തൊടാൻ പാടില്ല എന്നാണ് വിശ്വാസം.

ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണർവും ഉത്തേജനവും നൽകാൻ നെറ്റിത്തടത്തിൽ ചന്ദനം തൊടുന്നതിലൂടെ കഴിയും. തണുപ്പുനൽകുന്ന വസ്തുവാണ് ചന്ദനം എന്നതിനാൽ ശരീര താപനിലയെ എപ്പോഴും സ്ഥിരമായി നിലനിറുത്താനും ചന്ദനം തൊടുന്നതിലൂടെ കഴിയും. ശരീരം തണുക്കുന്നതിലൂടെ ഉറക്കക്കുറവുപോലുള്ള പ്രശ്നങ്ങളും മാറിക്കിട്ടും. പ്രത്യേക അനുപാതത്തിൽ മഞ്ഞളും നാരങ്ങാനീരും ചേർത്തുണ്ടാക്കുന്നതാണ് കുങ്കുമം. ഇത് നെറ്റിയിൽ തൊടുന്നത് തലവേദന ഇല്ലാതാക്കാൻ കഴിയും. ധാരാളം ധമനികളും ഞരമ്പുകളും ഒരുമിക്കുന്ന സ്ഥലമാണ് നെറ്റിത്തടം. മാത്രമല്ല ചുവപ്പ് നിറം പോസിറ്റീവ് എനർജി നൽകുന്നതുമാണ്.