ജയിലിൽ നിന്ന് പുറത്തിറങ്ങിയത് രണ്ടുമാസംമുമ്പ്, മാരക ലഹരിയുമായി ഷിൽന വീണ്ടും അകത്തായി
കണ്ണൂർ: ലഹരിക്കേസിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ യുവതി വീണ്ടും രാസലഹരിയുമായി പിടിയിൽ. കല്യാശേരി അഞ്ചാം പീടിക സ്വദേശി ഷിൽന എന്ന മുപ്പത്തിരണ്ടുകാരിയാണ് പിടിയിലായത്. പാപ്പിനിശേരിയിലും പരിസരപ്രദേശങ്ങളിലും ലഹരി വില്പനയും ഉപയോഗവും വർദ്ധിക്കുന്ന എന്ന വിവരത്തെത്തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഷിൽന പിടിയിലായത്. 0.459 മെത്താം ഫിറ്റമിൻ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ലഹരിമരുന്നുകേസിൽ ഗോവയിലെ ജയിലിലായിരുന്ന ഷിൽന രണ്ടുമാസംമുമ്പാണ് പുറത്തിറങ്ങിയത്. അതിനുശേഷവും ലഹരിവില്പനയിൽ സജീവമായിരുന്നു. ഇതുസംബന്ധിച്ച് എക്സൈസിന് വിവരം ലഭിക്കുകയും ചെയ്തു. തുടർന്നാണ് പരിശോധന ശക്തമാക്കിയത്. ഷിൽനയെക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയാണെന്നും ലഹരിമരുന്ന് ഇവർക്ക് എവിടെനിന്നുകിട്ടിയെന്ന് കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പാപ്പിനിശേരി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.