പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവസരം, ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നുവരെ

Wednesday 14 January 2026 4:17 PM IST

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആയി തിരഞ്ഞെടുക്കുന്നതിനായി അവിവാഹിതരായ ഇന്ത്യൻ പുരുഷ,വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 2026 മാർച്ച് 30/31 തീയതികളിലാണ് സെലക്ഷൻ ടെസ്​റ്റ്. സേവന ആവശ്യകത അനുസരിച്ച് വനിതാ ഉദ്യോഗാർത്ഥികളുടെ എണ്ണവും തൊഴിൽ യോഗ്യതയും തീരുമാനിക്കും.

കൊച്ചിയിലെ ഇന്ത്യൻ വ്യോമസേനയുടെ 14 എയർമെൻ സെലക്ഷൻ സെന്ററിനെയാണ് കേരളം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിലേക്ക് അഗ്നിവീറായി യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

2027 ലെ അഗ്നിവീർവായു പ്രവേശന നമ്പർ 01/2027 എല്ലാ സംസ്ഥാനങ്ങളിലെയും ഇന്ത്യയിലെ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ ജില്ലകളിൽ നിന്നുമുള്ള വിവാഹിതരല്ലാത്ത ഇന്ത്യൻ പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യോമസേനയിൽ അഗ്നിവീർ ആയി ചേരാനുള്ള അവസരം നൽകുന്നു. ഓൺലൈൻ രജിസ്ട്രേഷൻ 2026 ജനുവരി 12 മുതൽ ഫെബ്രുവരി 1 വരെ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്​റ്റേർഡ് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. രജിസ്ട്രേഷനായി https://iafrecruitment.edcil.co.in എന്ന വെബ്‌സൈ​റ്റിൽ ലോഗിൻ ചെയ്യുക.

2006 ജനുവരി 1 നും 2009 ജൂലായി 1 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹതയുണ്ട്. സയൻസ് വിഷയങ്ങളിലെ അപേക്ഷകർക്കുള്ള വിദ്യാഭ്യാസ യോഗ്യത കേന്ദ്ര, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ അംഗീകരിച്ച വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് മാത്തമാ​റ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് കുറഞ്ഞത് 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും നേടി ഇന്റർമീഡിയ​റ്റ്/ 10+2/ തത്തുല്യ പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ സെൻട്രൽ, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ അംഗീകരിച്ച പോളിടെക്നിക് സ്ഥാപനങ്ങളിൽ നിന്ന് എഞ്ചിനീയറിംഗിൽ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ/ കമ്പ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി/ ഇൻഫർമേഷൻ ടെക്‌നോളജി) മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം.

ഡിപ്ലോമ കോഴ്സിൽ (അല്ലെങ്കിൽ ഡിപ്ലോമ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയ​റ്റ്/ മെട്രിക്കുലേഷൻ) മൊത്തം 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ കേന്ദ്ര, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ അംഗീകരിച്ച വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഫിസിക്സ്, മാത്തമാ​റ്റിക്സ് എന്നീ നോൺവൊക്കേഷണൽ വിഷയങ്ങളുള്ള രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് മൊത്തം 50% മാർക്കും വൊക്കേഷണൽ കോഴ്സിൽ (അല്ലെങ്കിൽ വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയ​റ്റ്/ മെട്രിക്കുലേഷൻ) മൊത്തം 50% മാർക്കും നേടിയിരിക്കണം.

സയൻസ് വിഷയങ്ങൾ ഒഴികെയുള്ള വിഷയങ്ങൾക്ക്, കേന്ദ്ര, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ അംഗീകരിച്ച വിദ്യാഭ്യാസ ബോർഡുകളിൽ നിന്നുള്ള ഏതെങ്കിലും വിഷയങ്ങളിൽ ഇന്റർമീഡിയ​റ്റ് / 10+2 / തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും നേടി വിജയിച്ചിരിക്കണം അല്ലെങ്കിൽ കേന്ദ്ര, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ അംഗീകരിച്ച വിദ്യാഭ്യാസ ബോർഡുകളിൽ നിന്നുള്ള രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് കുറഞ്ഞത് 50% മാർക്കും ഇംഗ്ലീഷിൽ 50 മാർക്കും നേടി വിജയിച്ചിരിക്കണം. വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയ​റ്റ് / മെട്റിക്കുലേഷനിൽ വിജയിച്ചിരിക്കണം.

ഓൺലൈൻ പരീക്ഷ നടത്തൽ, രജിസ്ട്രേഷൻ പ്രക്രിയയ, അഡ്മി​റ്റ് കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രസിഡന്റ് സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡ്, ബ്രാർ സ്‌ക്വയർ, ഡൽഹി കാന്റ്, ന്യൂഡൽഹി 110010 എന്ന നമ്പറിൽ ബന്ധപ്പെടുക. ടെലിഫോൺ നമ്പർ 01125694209/ 25699606, ഇമെയിൽ: casbiaf@cdac.in. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് 02025503105 അല്ലെങ്കിൽ 02025503106 എന്ന നമ്പറിലും ബന്ധപ്പെടാം. ഉദ്യോഗാർത്ഥികൾക്ക് സഹായത്തിനായി 14 എയർമെൻ സെലക്ഷൻ സെന്റർ എയർഫോഴ്സുമായി ബന്ധപ്പെടാം. നമ്പർ: 0484–2427010 മൊബൈൽ നമ്പർ: 9188431093.