ഹോട്ടലിൽ നിന്ന് പണം കൊടുത്ത് മന്തി കഴിച്ചു, പെൺകുട്ടികളുടെ ചിത്രം മോഷ്ടാക്കളാണെന്ന വ്യാജേന പ്രചരിക്കുന്നതിൽ പരാതി

Wednesday 14 January 2026 4:17 PM IST

മലപ്പുറം: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികളുടെ ചിത്രവും വീഡിയോയും മോഷ്ടാക്കളെന്ന വ്യാജേന പ്രചരിപ്പിച്ചെന്ന് പരാതി. കരിങ്കല്ലത്താണി സ്വദേശിക്കെതിരെയാണ് പരാതി. കരിങ്കല്ലത്താണി, പട്ടാമ്പി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്. ജനുവരി ഏഴിന് ഇവര്‍ കരിങ്കലത്താണിയിലെ ഹോട്ടലില്‍ മന്തി കഴിക്കാനെത്തിയിരുന്നു.

ഇവരിലൊരാൾ ഫോണ്‍ ചെയ്യാനായി ഹോട്ടലിന് പുറത്തേക്കുപോയി. സമീപത്തെ വീടിന് മുന്നിൽ നിന്ന് ഫോണ്‍ ചെയ്തുമടങ്ങിയ പെണ്‍കുട്ടി തിരിച്ച് ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ചശേഷം മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഹോട്ടലിലെ സിസിടിവി ദൃശ്യത്തോടൊപ്പം മോഷ്ടാക്കളാണെന്ന് ശബ്ദ സന്ദേശവും ചേര്‍ത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് പെണ്‍കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെയും ദൃശ്യങ്ങള്‍ നല്‍കിയ ഹോട്ടല്‍ ഉടമക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടികൾ പരാതി നൽകിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജീവിതം പ്രതിസന്ധിയിലാണെന്നും സമൂഹത്തില്‍ ഇറങ്ങി നടക്കാനാവാത്തവിധം അപമാനിക്കപ്പെട്ടെന്നും ഇവർ പരാതിയിൽ പറയുന്നുണ്ട്.