ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി നടുറോഡിൽ പുഷ്-അപ് എടുത്തു; യുവാക്കളെ കൈയ്യോടെ പിടികൂടി പൊലീസ്
ആഗ്ര: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ആളുകൾ ചെയ്‌തുകൂട്ടുന്ന കാര്യങ്ങൾ പലപ്പോഴും പൊതുജനങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. യുപി പൊലീസാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്‌തിരിക്കുന്നത്. റീൽ ചിത്രീകരിക്കുന്നതിനായി രണ്ട് യുവാക്കൾ ചേർന്ന് റോഡിലൂടെ ഓടുന്ന ഒരു ബസ് നിർത്തിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
ബസ് നിർത്തിയശേഷം യുവാക്കളിൽ ഒരാൾ ബസിന് മുന്നിൽ നിന്നും പുഷ്-അപ് എടുക്കുന്നതാണ് വീഡിയോയിലുള്ളത്. കൂടെയുള്ളയാൾ സമീപത്ത് നിന്നും വാഹനങ്ങളും മറ്റും നോക്കുന്നതും വീഡിയോയിൽ കാണാം. യുവാക്കൾ കാരണം അൽപസമയത്തേക്ക് ബസിന് റോഡിൽ നിർത്തിയിടേണ്ടി വന്നു. സംഭവത്തിന്റെ വിശദാംശങ്ങൾ കുറിച്ചുകൊണ്ടാണ് പൊലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാക്കളെ കണ്ടെത്തിയ പൊലീസ് ഗതാഗതം തടസപ്പെടുത്തിയതിനും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചതിനും കേസെടുത്തിട്ടുണ്ട്.