ചെക്കിൽ പ്രിൻസിപ്പലിന്റെ വ്യാജ ഒപ്പിട്ട് താത്കാലിക ജീവനക്കാരി 4 ലക്ഷം തട്ടി

Thursday 15 January 2026 12:12 AM IST

കൊച്ചി: എറണാകുളത്തെ പ്രമുഖ സർക്കാർ സ്കൂളിന്റെ പി.ടി.എ ഫണ്ട്, പ്രിൻസിപ്പലിന്റെ വ്യാജ ഒപ്പിട്ട് താത്കാലിക ജീവനക്കാരി തട്ടിയെടുത്തു. പി.ടി.എ നിയമിച്ച ജീവനക്കാരിയാണ് പലപ്പോഴായി തട്ടിപ്പ് നടത്തിയത്. സ്കൂൾ പ്രിൻസിപ്പലിന്റെ പരാതിയിൽ ജീവനക്കാരിയെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശിനി ഷെറീനയാണ് പിടിയിലായത്. നാല് ലക്ഷത്തോളം രൂപയാണ് ഇവർ കൈക്കലാക്കിയത്.

കുട്ടികളുടെ ആവശ്യത്തിനായുള്ള പണമെടുക്കാൻ ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക ചെക്കുമായി ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താത്കാലിക ജീവനക്കാരി പലപ്പോഴായി നാല് ലക്ഷത്തോളം രൂപ ചെക്ക് മാറിയെടുത്തത് ബാങ്ക് ജീവനക്കാർ അറിയിച്ചത്. പ്രധാനാദ്ധ്യാപിക വിവരം ഹയർ സെക്കൻഡറി പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുത്തി. വ്യാജരേഖ ചമച്ച് പണം തട്ടിയെന്നാണ് കേസ്.

കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെ ഏഴ് ചെക്കുകളാണ് ഇവർ മാറിയെടുത്തത്. ഇന്നലെ പൊലീസ് താത്കാലിക ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. മറ്റാരുടെയോ ഭീഷണിക്ക് വഴങ്ങിയാണ് യുവതി പണം തട്ടിയെടുത്തതെന്നാണ് സംശയിക്കുന്നത്. ഇക്കാര്യമടക്കം അന്വേഷണ പരിധിയിലുണ്ട്. രണ്ട് വർഷം മുമ്പ് പി.ടി.എ മുൻകൈയെടുത്താണ് ഇവർക്ക് സ്കൂളിൽ ജോലി നൽകിയത്. പി.ടി.എയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓഫീസിലെ ജോലികളുമാണ് ഇവർ ചെയ്തിരുന്നത്.

പ്രിൻസിപ്പലിന്റെ ഓഫീസിനോട് ചേർന്നായിരുന്നു യുവതിയുടെ ജോലിസ്ഥലം. ചെക്കുകളും മറ്റ് രേഖകളും വയ്ക്കുന്ന ഇടങ്ങളെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നു. സ്കൂളിന്റെ ആവശ്യങ്ങൾക്കായി ബാങ്കിൽ പോകുമ്പോഴായിരുന്നു ചെക്കുകൾ സമർപ്പിച്ച് പണം കൈക്കലാക്കിയിരുന്നത്. പണം തിരിച്ചടച്ച് കേസ് അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. തട്ടിപ്പിൽ ജീവനക്കാരിയുമായി അടുപ്പമുള്ള സ്കൂളിലെ ചിലർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.