അത്ര വേഗത്തിൽ ഡെലിവറി വേണ്ട

Thursday 15 January 2026 12:01 AM IST

റോഡപകടങ്ങൾ സൃഷ്ടിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് അമിത വേഗതയാണ്. അതിനൊപ്പം,​ ഇരുചക്രവാഹനങ്ങളും മറ്റും ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പിക്കാതെ പെട്ടെന്ന് വെട്ടിത്തിരിക്കുന്നതും നഗരങ്ങളിൽ ഏറ്റവുമധികം അപകടങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കുന്നു. നേരത്തേ ഓട്ടോറിക്ഷകളാണ് ഇത്തരം അപകടങ്ങൾക്ക് ഇടയാക്കിയിരുന്നത്. ബോധവത്‌കരണത്തിന്റെയും ശിക്ഷാനടപടികളുടെയും ഭാഗമായി ഓട്ടോറിക്ഷകൾ ട്രാഫിക് നിയമം പാലിച്ച് ഓടിക്കുന്നതിനാൽ അങ്ങനെയുള്ള അപകടങ്ങൾ

വളരെ കുറഞ്ഞു. ആ സ്ഥാനം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്,​ ഭക്ഷണസാധനങ്ങൾ വീട്ടിലെത്തിക്കുന്ന പ്രമുഖ ഓൺലൈൻ പ്ളാറ്റ്‌ഫോമുകളുടെ ഡെലിവറി ബോയികളുടെ ഇരുചക്ര വാഹനങ്ങളാണ്!

ഇവർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി ഓർഡറുകൾ എടുത്ത് പൂർത്തിയാക്കിയാൽ വരുമാനത്തിൽ അത്രയും നേട്ടമുണ്ടാക്കാം. അതു മാത്രമല്ല,​ ഓർഡർ ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ താമസിച്ചാൽ ദേഷ്യപ്പെടുന്ന തരക്കാരാണ് കൂടുതലും. പ്രാണൻ മറന്നുള്ള ഓട്ടമാണ് നിരത്തുകളിലൂടെ 'സ്വിഗ്ഗി പയ്യന്മാർ" നടത്തുന്നത്. ഇത് അടുത്തിടെ നിരവധി അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഭക്ഷണ വിതരണം നടത്തുന്നവരുടെയും റോഡ് യാത്രക്കാരുടെയും ജീവന് ഒരുപോലെ ഭീഷണി ഉയർത്തുന്ന ഈ വസ്തുത കണക്കിലെടുത്ത്,​ പത്തുമിനിട്ടുകൊണ്ട് ഓൺലൈൻ ഡെലിവറി അവകാശപ്പെടുന്ന ക്വിക് കൊമേഴ്സ്, ഭക്ഷണ വിതരണ ആപ്പുകളുടെ വിപണന രീതി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത് ഉചിതമായെന്ന് വേണം പറയാൻ. പത്തു മിനിട്ടുകൊണ്ട് ഡെലിവറി നൽകുമെന്ന വാഗ്ദാനം വിതരണക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ബ്ളിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ളാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണ് നടപടി. ഇത്തരത്തിലുള്ള ടാഗ്‌ലൈനുകൾ പ്ളാറ്റ്‌ഫോമുകളിൽ നിന്ന് നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ നിർദ്ദേശത്തിനു പിന്നാലെ,​ ബ്ളിങ്കിറ്റ് പത്തുമിനിട്ടിൽ ഡെലിവറി എന്ന അവകാശവാദം നീക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിലായി മറ്റ് കമ്പനികളും അത് ഒഴിവാക്കും. സാധനങ്ങൾ പത്തുമിനിട്ടിനുള്ളിൽ എത്തിക്കാൻ അതിവേഗം പോകുമ്പോൾ അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്നും,​ ജോലിസമ്മർദ്ദമാണ് ഇതിനിടയാക്കുന്നതെന്നും,​ അതനുസരിച്ച് കമ്പനികൾ വേതന വർദ്ധന വരുത്തുന്നില്ലെന്നും ആരോപിച്ച് ഓൺലൈൻ മേഖലയിൽ പ്രവർത്തിക്കുന്ന കരാർ തൊഴിലാളികളായ 'ഗിഗ് വർക്കേഴ്സ്" പുതുവത്സര ദിനത്തിൽ പ്രതീകാത്മക സമരം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ സമരക്കാരുടെ സംഘടനയുമായി ചർച്ച നടത്തുകയും പത്തുമിനിട്ടിൽ ഡെലിവറി വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്‌തത്.

കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡിൽ ഗിഗ് തൊഴിലാളികൾ, പ്ളാറ്റ്‌ഫോം തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി സാമൂഹിക സുരക്ഷാ നടപടികൾ രൂപപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. വേഗത്തെക്കാൾ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പുതിയ നടപടി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. സുരക്ഷയോടൊപ്പം തന്നെ ഇവരുടെ വേതന വർദ്ധനവും കമ്പനിക്കാർ പരിഗണിക്കേണ്ട പ്രധാന വിഷയം തന്നെയാണ്. കോളേജിലും മറ്റും പഠിച്ചുകൊണ്ടിരിക്കുന്ന നിരവധി വിദ്യാർത്ഥികൾ അധിക ചെലവിനുള്ള തുക കണ്ടെത്താനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ രക്ഷകർത്താക്കളുടെ ഭാരം കുറയ്ക്കാനുമായി കണ്ടെത്തിയിരിക്കുന്ന പുതിയ വഴികളിലൊന്നു കൂടിയാണ് ഗിഗ് തൊഴിൽ. അതിനാൽ അതിന്റെ വളർച്ചയും സുരക്ഷയും ഉറപ്പാക്കുന്നത് എന്തുകൊണ്ടും നല്ല നടപടി തന്നെയാണ്.