എഴുതാതെ വയ്യ: സ്വർണ്ണം കട്ടവൻ ആരപ്പാ!

Thursday 15 January 2026 1:03 AM IST

അടുത്തകാലത്ത് ക്ഷേത്ര വിശ്വാസികളെ അത്യധികം വേദനിപ്പിച്ച ഒരു വാർത്തയാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിനെ തുടർന്ന് ജയിലിലായി എന്നത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് ചില നിർണായക സൂചനകൾ കിട്ടിയതിനെ തുടർന്നാണ് തന്ത്രിയെ അറസ്റ്റ് ചെയ്യുക എന്ന കടുത്ത നടപടി. അറസ്റ്റിന്റെ ന്യായാന്യായങ്ങളിലേക്ക് തത്കാലം കടക്കുന്നില്ല. എങ്കിലും ശ്രീ പരശുരാമൻ നിയോഗിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന താഴമൺ കുടുംബത്തിലെ ഒരംഗം ഇങ്ങനെ പ്രതിക്കൂട്ടിൽ നിൽക്കാനിടയായത് നിർഭാഗ്യകരം. ഇതേ കുടുംബത്തിൽപ്പെട്ട മറ്റൊരു തന്ത്രി കുറെക്കാലം മുമ്പ് മറ്റൊരു നാറ്റക്കേസിൽ പിടിയിലായി എന്നത് മറക്കുന്നില്ല. എന്നിരുന്നാലും ഇപ്പോഴത്തെ തന്ത്രിയുടെ അറസ്റ്റ്

ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് എഴുതാതെ വയ്യ.

കുറച്ചു കാലമായി ശബരിമലയുമായി ബന്ധപ്പെട്ട് ഒന്നിനു പിറകെ ഒന്നൊന്നായി വിവാദ വാർത്തകൾ വന്നു കൊണ്ടേയിരിക്കുന്നു. 'ശബരിമല ക്ഷേത്രം തന്നെ ഭയപ്പെടുത്തുന്നു" എന്നുവരെ അടുത്തിടെ അധികാരമൊഴിഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ പരസ്യമായി വിളിച്ചു പറഞ്ഞിരുന്നു. അദ്ധ്യക്ഷപദത്തിലെ അദ്ദേഹത്തിന്റെ മുൻഗാമി ഇതിനകം ജയിലിലായിക്കഴിഞ്ഞു. ഒപ്പം മറ്റ് കുറെ ദേവസ്വം ഉദ്യോഗസ്ഥരും ഇതിനകം അകത്തായി. 'ദൈവതുല്യർ" സ്വർണ്ണക്കൊള്ളയ്ക്കു പിന്നിലുണ്ടെന്ന്

വിളിച്ചു പറഞ്ഞതും അകത്തതായ മുൻ ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ തന്നെ.

നടന്ന അറസ്റ്റുകളെപ്പോലെ തന്നെ, ഒരുപക്ഷെ അവയെക്കാളേറെ, നടക്കാത്തതും നടത്തേണ്ടതുമായ അറസ്റ്റുകളെപ്പറ്റി ചർച്ചകൾ ചൂടുപിടിക്കുന്നുണ്ട്. അപ്രതീക്ഷിത മാനങ്ങൾ ശബരിമല സ്വർണ്ണക്കൊള്ള കേസ് കൈവരിക്കുന്നു. അവിശ്വസനീയമായ തലങ്ങൾ ആവിർഭവിക്കുന്നു. വ്യാഖ്യാനങ്ങളും നിർവചനങ്ങളും ബഹുവിധം. ഇതിനിടയിൽ ധാർമ്മിക പ്രതിസന്ധി നേരിടുന്നത് ശരാശരി ശബരിമല വിശ്വാസിയാണ്.

കോടിക്കണക്കിന് ഭക്തന്മാർ എത്തുന്ന ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ സാക്ഷാൽ തന്ത്രിയെ കസ്റ്റഡിയിൽ എടുത്തിട്ടും പ്രതിഷേധമോ പ്രക്ഷോഭമോ ഉണ്ടായില്ലെന്നത് ശ്രദ്ധേയം. ഇത് വിശ്വാസി സമൂഹത്തിന്റെ കഴിവോ കഴിവുകേടോ എന്ന് ചോദിച്ചുപോവുകയാണ്. ഇതര മതങ്ങളിൽപ്പെട്ട ഒരു ബിഷപ്പിനെയോ മൗലവിയെയോ ഇങ്ങനെ അകത്താക്കുമോ,​ അങ്ങനെ ചെയ്‌താൽത്തന്നെ ഇതായിരിക്കുമോ നാട്ടിൽ ഉണ്ടാവുന്ന പ്രതികരണം എന്നിങ്ങനെ ഉയരുന്ന ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലാതില്ല.

കോൺഗ്രസും ബി.ജെ.പിയും ഉൾപ്പെടെയുള്ള പ്രതിപക്ഷം ചില സംശയങ്ങൾ ഉയർത്തുകയും തന്ത്രിയെ മാത്രം പോരാ, ചോദ്യം ചെയ്യപ്പെട്ട മുൻ മന്ത്രിയെയും അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടതല്ലാതെ വലിയ പ്രതിഷേധാത്തിനൊന്നും പോയില്ല,​ ഇതുവരെ. എല്ലാവരും ചേർന്ന് ഒരു പാരഡി ഗാനം 'ഹിറ്റ്" ആക്കിയെന്ന് മാത്രം. സി.പി.എം ഉൾപ്പെടെയുള്ള ഭരണകക്ഷികൾ കരുതലോടെ, വളരെ സൂക്ഷിച്ചാണ് ശബരിമല വിഷയത്തിൽ പ്രതികരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ഈ അവസ്ഥ. എന്നാൽ സ്വർണ്ണക്കൊള്ള കേസിന് പെട്ടെന്ന് അപ്രതീക്ഷിതമായ ഒരു 'ട്വിസ്റ്റ്‌" വന്നുചേർന്നു.

ക്ഷേത്രങ്ങളുടെ ഭരണം സർക്കാർ കയ്യൊഴിഞ്ഞ് ക്ഷേത്ര വിശ്വാസികളെ ഏല്പിക്കണം എന്ന ആവശ്യം ശക്തിപ്പെട്ടു വരുന്നതിനിടയിലാണ് വിശ്വാസിയുടെ മന:സാക്ഷിയെ ഞെട്ടിക്കുന്ന ശബരിമല സംഭവികാസങ്ങൾ. ദേവന്റെ സ്വത്ത്‌ കക്കുന്നതിലും വിൽക്കുന്നതിലും വിശ്വാസികളായ തന്ത്രിയും പോറ്റിയും,​ അവിശ്വാസികളായ ചില രാഷ്ട്രീയക്കാരുമായി കൈകോർത്തു എന്നതാണല്ലോ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിലൂടെയും അറസ്റ്റുകളിലൂടെയും നല്കുന്ന സൂചന. ചക്കരക്കുടത്തിൽ കയ്യിട്ടാൽപ്പിന്നെ നക്കാത്തവർ ആരുമില്ലെന്നാണോ അന്വേഷണത്തിൽ തെളിയുന്നത്? ഒരു കാര്യം വ്യക്തം. ആസൂത്രിതവും സംഘടിതവുമായാണ് ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നത്.

ഭഗവദ് ഹിതത്തിന് വിരുദ്ധമാണ് ശബരിമലയിൽ നടന്ന സ്വർണ്ണം പൂശൽ പോലും എന്നു കരുതാനാവും യഥാർത്ഥ വിശ്വാസിക്ക് ഇഷ്ടം. ശ്രീകോവിലും മറ്റും സ്വർണ്ണം പൂശിയത് അനഭിമതരായ ചില വ്യവസായികൾ അവിഹിതമായി നേടിയ സ്വത്ത്‌ ഉപയോഗിച്ചാണ്. സവിശേഷതകൾ ഏറെയുള്ള ക്ഷേത്രമാണ് ശബരിമല. അവിടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണ്. യുവതീപ്രവേശനം സംബന്ധിച്ച വിവാദവേളയിൽ അതൊക്കെ ഏറെ ചർച്ച ചെയ്തതുമാണ്. നൈഷ്ഠിക ബ്രഹ്മചാരി എന്ന് വിശ്വസിക്കപ്പെടുന്ന ദേവനാണ് അവിടെ. കാനന ക്ഷേത്രമാണ് അത്. പരിപാവനമായ ആ കാനന ക്ഷേത്രത്തെ ഒരു കാഞ്ചന ക്ഷേത്രമാക്കി, കച്ചവട കേന്ദ്രമാക്കി മാറ്റുന്നത് നാടും വീടും ഉപേക്ഷിച്ച് പർവത മുകളിൽ തപസനുഷ്ഠിക്കുന്ന ദേവന്റെ ഹിതത്തിന് വിരുദ്ധമാണെന്ന് വിശ്വസിക്കാനും വാദിക്കാനുമാണ് ഈയുള്ളവന് ഇഷ്ടം.

ദേവഹിതത്തിന് വിരുദ്ധമായതാവാം ഈ അത്യാഹിതങ്ങൾക്കൊക്കെ കാരണം. ദേവന്റെ പിതൃതുല്യനായി പരിഗണിക്കപ്പെടുന്ന തന്ത്രി പോലും അകത്തായി അഴിയെണ്ണേണ്ടി വരുന്നത് ഭഗവദ് ഇച്ഛ. അങ്ങനെയെങ്കിൽ ഇത് ഒരു തുടക്കം മാത്രമാവും. പുറത്തുവന്നത് അവിടെ പതിറ്റാണ്ടുകളായി നടന്നുവരുന്ന തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ഹിമാലയൻ മഞ്ഞുമലയുടെ ഒരറ്റം മാത്രം. ഇനിയും എന്തൊക്കെയോ കേൾക്കാനും കാണാനും ഇരിക്കുന്നു. അപ്പോഴും അവശേഷിക്കുന്നു,​ അയ്യപ്പന്റെ "സ്വർണ്ണം കട്ടവൻ ആരപ്പാ" എന്ന ചോദ്യം.