പിന്നാക്കക്കാർക്ക് സൗജന്യ അഡ്‌മിഷൻ

Thursday 15 January 2026 12:11 AM IST

രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പല നിയമങ്ങളും പാസാക്കുമെങ്കിലും അതിന്റെ സദ്‌ഫലം പലപ്പോഴും ജനങ്ങൾക്ക് ലഭിക്കാറില്ല. അവകാശങ്ങളെക്കുറിച്ച് പൗരസമൂഹം പുലർത്തുന്ന അജ്ഞതയാണ് ഇതിന്റെ പ്രധാന കാരണം. ഈ അജ്ഞത മുതലെടുത്ത് പല സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് തുടരുകയും ചെയ്യും. കേന്ദ്ര സർക്കാർ പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പലതും രാജ്യത്ത് നടപ്പായിരുന്നില്ല. ഇതിനായി പിന്നീട് നിയമത്തെപ്പറ്റി ബോദ്ധ്യമുള്ളവർ കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങുമ്പോൾ മാത്രമാണ് നടപ്പാക്കിക്കിട്ടുന്നത്. അപ്പോഴേക്കും ആയിരങ്ങൾക്ക് അതിന്റെ നേട്ടം നഷ്ടമായിരിക്കും.

സമൂഹത്തിലെ പിന്നാക്ക - ദുർബല വിഭാഗങ്ങളിൽപ്പെടുന്നവരുടെ കുട്ടികൾക്ക് സ്വകാര്യ സ്‌കൂളുകളിൽ 25 ശതമാനം സൗജന്യ പ്രവേശനം ഉറപ്പാക്കണമെന്ന സുപ്രീംകോടതി വിധി വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ പിന്നാക്ക വിഭാഗക്കാർക്ക് വലിയ ആശ്വാസം പകരുന്നതും വളരെ സ്വാഗതാർഹവുമാണ് ഈ വിധി. ഇതിന് ആവശ്യമായ ചട്ടം രൂപീകരിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുകയാണ്. സ്വകാര്യ അൺ എയ്ഡഡ്, സ്‌പെഷ്യൽ കാറ്റഗറി സ്‌കൂളുകളിലെ പ്രൈമറി - അപ്പർ പ്രൈമറി ക്ളാസുകളിലെ 25 ശതമാനം സീറ്റുകളിൽ പിന്നാക്കക്കാരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറഞ്ഞിരുന്നത്. ഇതുറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും നിർദ്ധന വിദ്യാർത്ഥികളുടെ സ്‌കൂൾ പ്രവേശനം ദേശീയ ദൗത്യമായി ഏറ്റെടുക്കണമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുർകർ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

ഇത്തരത്തിൽ സൗജന്യ പ്രവേശനം അനുവദിക്കുന്നതിലൂടെ ചെലവാകുന്ന തുക സ്‌കൂൾ ഉടമകൾക്ക് സർക്കാരിൽ നിന്ന് ഈടാക്കാനാവും. മക്കൾക്ക് സ്വകാര്യ സ്‌കൂളിൽ സൗജന്യ വിദ്യാഭ്യാസത്തിനുള്ള 25 ശതമാനം ക്വാട്ടയിൽ പ്രവേശനം നിഷേധിച്ചെന്നു കാണിച്ച് മഹാരാഷ്ട്രയിലെ പിന്നാക്കക്കാരായ മാതാപിതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചില്ലായിരുന്നെങ്കിൽ വർഷങ്ങളോളം വിദ്യാഭ്യാസ അവകാശ നിയമത്തിലെ,​ പിന്നാക്കക്കാർക്ക് ഏറെ ഗുണകരമായ ആ വ്യവസ്ഥ മരവിച്ചുകിടക്കുമായിരുന്നു. രാജ്യത്തെ സ്വകാര്യ സ്‌കൂൾ ഉടമകൾ വലിയ സ്വാധീനവും പണവും ഉള്ളവരാണ്. അതിനാൽ ഇത് നടപ്പാക്കുന്നതു സംബന്ധിച്ച ചട്ടങ്ങൾ സൂക്ഷ്‌മമായും പിഴവില്ലാതെയും വേണം നിർമ്മിക്കാൻ.

ഇനിയും പല ന്യായങ്ങൾ പറഞ്ഞ് ഇത് നിഷേധിക്കാനുള്ള ചെപ്പടിവിദ്യകൾ സ്വകാര്യ അൺ എയ്‌ഡഡ് സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാം. അതിനാൽ അഡ്‌മിഷനായി അവരെ സമീപിക്കുന്ന പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ നിയമത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കണം. ന്യായമായി നൽകേണ്ട അഡ്മിഷൻ നിഷേധിക്കുന്ന സ്‌കൂളിന്റെ അംഗീകാരം വരെ നഷ്ടപ്പെടുമെന്ന സാഹചര്യം ഉണ്ടായാലേ ഇതിന്റെ സദ്‌ഫലങ്ങൾ ദുർബല വിഭാഗങ്ങൾക്ക് ലഭിക്കൂ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ പോലും ഭാരിച്ച ഫീസ് വഹിച്ച്,​ മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന വിശ്വാസത്തോടെ കുട്ടികളെ സ്വകാര്യ അൺ എയ്‌ഡഡ് സ്‌കൂളുകളിലാണ് അയയ്ക്കുന്നത്. ഈ ഉത്തരവിലൂടെ അവർക്ക് ലഭിക്കുന്ന സാമ്പത്തിക ആശ്വാസം ചെറുതല്ല. ഇതിനായി ചട്ടങ്ങൾ രൂപീകരിക്കുന്ന സമിതിയിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടുന്നുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തുകയും വേണം.