കത്തനാരിൽ മോഹൻലാൽ

Thursday 15 January 2026 6:20 AM IST

കത്തനാരിൽ മോഹൻലാൽ അഭിനയിക്കുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ചിത്ര സംയോജനവും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി ത്രില്ലറായ കത്തനാർ - ദി വൈൽഡ് സോർസറിൽ മോഹൻലാൽ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു.ചിത്രത്തിൽ ഇന്നലെ മുതൽ മോഹൻലാൽ അഭിനയിച്ച് തുടങ്ങി. എറണാകുളമാണ് ലൊക്കേഷൻ .രണ്ട് ഭാഗങ്ങളിലായി പൂർത്തിയാകുന്ന കത്തനാരിന്റെ ആദ്യ ഭാഗമാണിത്. ഒമ്പതാം നൂറ്റാണ്ടിലെ മാന്ത്രിക ശക്തികളുള്ള ഒരു ഐതിഹാസിക ക്രിസ്ത്യൻ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ ജീവിതമാണ് കഥ പിന്തുടരുന്നത്. ജയസൂര്യ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. അനുഷ്ക ഷെട്ടി,പ്രഭുദേവ, വിനീത്, ദേവിക സഞ്ജയ്, ഹരീഷ് ഉത്തമൻ, സനൂപ് സന്തോഷ്, കോട്ടയം രമേഷ് തുടങ്ങി നീണ്ട താരനിരയുണ്ട്.കത്തനാർ, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളിൽ അതിഥി വേഷം അവതരിപ്പിക്കാൻ മോഹൻലാലിന് ക്ഷണമുണ്ടെന്ന് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഒറ്റക്കൊമ്പൻ നിർമ്മിക്കുന്നതും ഗോകുലം ഗോപാലൻ ആണ്. ദിലീപ് നായകനായ ഭ. ഭ. ബ ആണ് മോഹൻലാൽ അതിഥ വേഷത്തിൽ അവസാനം പ്രത്യക്ഷപ്പെട്ട ചിത്രം. ഭ. ഭ. ബ നിർമ്മിച്ചതും ഗോകുലം മുവീസാണ്. ഒറ്റക്കൊമ്പന്റെ അവസാന ഘട്ട ഷെഡ്യൂളിൽ മോഹലാൽ പങ്കെടുക്കും എന്നാണ് വിവരം.പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ, വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്നീ ചിത്രങ്ങളിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഖലീഫയും തുടക്കവും ഒാണം റിലീസാണ്.