മലയിൻകീഴ് താലൂക്ക് ആശുപത്രിക്ക് പുതിയ മന്ദിരം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Thursday 15 January 2026 1:27 AM IST

മലയിൻകീഴ്: മലയിൻകീഴ് മണിയറവിള ഗവ.താലൂക്ക് ആശുപത്രിയിൽ പുതിയ 6 നില മന്ദിരം ഒരുങ്ങി. 27ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. താലൂക്ക് ആശുപത്രിക്ക് നൂതന സംവിധാനത്തോടെയുള്ള മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. 2021 മാർച്ചിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. 15.25 കോടി രൂപ വിനിയോഗിച്ചാണ് പുതിയ ആശുപത്രിമന്ദിരം നിർമ്മിച്ചത്.

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്ന ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടും രോഗികൾക്ക് വേണ്ട സൗകര്യങ്ങളില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. നിലവിലുള്ള അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റേയും പഴയ കെട്ടിടത്തിന്റേയും സ്ഥാനത്താണ് പുതിയ മന്ദിരം നിർമ്മിച്ചത്.

ചെലവ്..15.25കോടി രൂപ

സജ്ജീകരണങ്ങൾ

ഗ്രൗണ്ട് ഫ്ലോറിൽ അത്യാഹിത വിഭാഗം,റിസപ്ഷൻ,വെയിറ്റിംഗ് ഏരിയയും മറ്റ് അനുബന്ധ സൗകര്യങ്ങളുമുണ്ടാകും.

ഒന്നാം നിലയിൽ വിവിധ ഒ.പി.യും അനുബന്ധ വെയിറ്റിംഗ് സൗകര്യവും 11കിടക്കകളുള്ള സ്ത്രീകളുടെ വാർഡുമുൾപ്പെടും.

രണ്ടാം നിലയിൽ 10കിടക്കകളുള്ള സ്ത്രീകളുടെ വാർഡും 16കിടക്കകളുള്ള പുരുഷന്മാരുടെ വാർഡും സജ്ജമാക്കും.

മൂന്നാമത്തെ നിലയിൽ അഡ്മിനിസ്‌ട്രേഷൻ വിംഗും രണ്ട് അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുമാണ് സജ്ജീകരിക്കുന്നത്.

മെഡിസിൻ,സർജറി,ഓർത്തോ,ഗൈനക്,പീഡിയാട്രിക്,എൻ.സി.ഡി എന്നീ വിഭാഗങ്ങളുടെ പരിശോധനാമുറികളും വെയിറ്റിംഗ് ഏരിയയും നഴ്‌സിംഗ് സ്റ്റേഷനും ഫാർമസിയുമുണ്ടാകും. സ്ത്രീകൾ,പുരഷന്മാർ,ഭിന്നശേഷിക്കാർ എന്നിവർക്കുള്ള ടോയ്ലെറ്റുകളും പുതിയ സമുച്ചയത്തിലുണ്ട്.

ലാബ് ടെക്നീഷ്യൻ, നഴ്സിംഗ് സൂപ്രണ്ട്,നഴ്സ് തുടങ്ങിയ വിവിധ തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

തുടരുന്ന പരിമിതികൾ

ഫാർമസിയിൽ മോഡ്യുലാർ റാക്ക്,എക്‌സ് റേ യൂണിറ്റ്,ഫിസിയോതെറാപ്പി യൂണിറ്റ് തുടങ്ങിയവ സ്ഥാപിച്ചെങ്കിലും ജീവനക്കാരുടെ അപര്യാപ്തത കാരണം രോഗികൾക്ക് പ്രയോജനമുണ്ടാകാറില്ല. ദന്തൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചെങ്കിലും ക്ലീംനിംഗ്,പോട് അടയ്ക്കൽ എന്നിവ മാത്രമേയുള്ളു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്നപ്പോഴുള്ള 52പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമേ ഇപ്പോഴുമുള്ളു. ലാബ് പുതുക്കി പണിഞ്ഞ് ആധുനികവത്ക്കരിച്ചുവെങ്കിലും സെമിഓട്ടോ അനലൈസർ ഉപകരണങ്ങളുണ്ടെങ്കിലും രോഗികൾക്ക് പ്രയോജനപ്പെടാറില്ല.