വൈക്കത്ത് തെരുവ് നായ ശല്യം രൂക്ഷം ചാടിവീഴും കടിച്ച് കീറും

Thursday 15 January 2026 12:52 AM IST

വൈക്കം : വൈക്കം നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. വൈക്കം പടിഞ്ഞാറെ നട മുതൽ ബോട്ട് ജെട്ടി വരെയുള്ള റോഡ്, ലിങ്ക് റോഡ്, വടക്കേ നട എന്നിവിടങ്ങളെല്ലാം തെരുവ് നായ്ക്കൾ അടക്കി വാഴുകയാണ്. റോഡുകളിൽ തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങൾ ഭക്ഷിക്കാനാണ് ഇവ ഇവിടങ്ങളിൽ തമ്പടിക്കുന്നത്. പുലർച്ചെ നടക്കാൻ ഇറങ്ങുന്നവർ, വഴിയാത്രക്കാർ എന്നിവരാണ് നായ്ക്കളുടെ ആക്രമണം ഏറെയും നേരിടുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. കൂട്ടത്തോടെ വരുന്ന നായ്ക്കൾ ആക്രമിക്കാൻ മുതിരുന്നതാണ് ഭയപ്പെടുത്തുന്നത്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് പതിവാണ്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.

വില്ലൻ മാലിന്യം തന്നെ പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്.

ശല്യം രൂക്ഷം ഇവിടെ

സ്വകാര്യ ബസ് സ്റ്റാൻഡ്

ആശുപത്രി പരിസരം, ബീച്ച്

തെക്കേനട, ദളവാക്കുളം

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്

കച്ചേരിക്കവല തോട്ടുവക്കം റോഡ്‌