കേന്ദ്രമന്ത്രി മുരുകന്റെ വസതിയിൽ പൊങ്കൽ ആഘോഷിച്ച് മോദി

Thursday 15 January 2026 12:08 AM IST

ന്യൂഡൽഹി: പ്രകൃതിയോടുള്ള നന്ദി ജീവിതശൈലിയുടെ ഭാഗമാക്കാൻ പൊങ്കൽ പോലുള്ള ആഘോഷങ്ങൾ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിൽ നിന്നുള്ള ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ എൽ. മുരുകന്റെ ഡൽഹി കൃഷ്‌ണമേനോൻ മാർഗിലെ വസതിയിൽ പൊങ്കൽ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. പൂജയിൽ പങ്കെടുത്ത അദ്ദേഹം പൊങ്കൽ അടുപ്പിൽ പുഷ്‌പാർച്ചന നേരുകയും പശുക്കൾക്ക് തീറ്റ കൊടുക്കുകയും ചെയ്‌തു.

'ലോകമെമ്പാടുമുള്ള തമിഴ് സമൂഹം ആവേശത്തോടെയാണ് പൊങ്കൽ ആഘോഷിക്കുന്നത്. ഞാനും. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്പം ഇത്തരം ആഘോഷങ്ങളിലൂടെ കൂടുതൽ ശക്തമാകുന്നു. മിക്കവാറും എല്ലാ സംസ്കാരങ്ങളിലും വിളവെടുപ്പുമായി ബന്ധപ്പെട്ട ആഘോഷങ്ങളുണ്ട്. കർഷകർ രാഷ്ട്രനിർമ്മാണത്തിലെ ശക്തരായ പങ്കാളികളാണ്. അവരുടെ പരിശ്രമങ്ങൾ 'ആത്മനിർഭർ ഭാരത് അഭിയാന്' കരുത്താകുന്നു. കർഷകരെ ശാക്തീകരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്'- മോദി പറഞ്ഞു. തമിഴിൽ ആശംസ അറിയിക്കുകയും ചെയ്തു. പുതിയ സിനിമയായ 'പരാശക്തി'യിലെ താരങ്ങളായ ശിവകാർത്തികേയൻ, രവി മോഹൻ, സംഗീതസംവിധായകൻ ജിവി പ്രകാശ്,​കേന്ദ്ര മന്ത്രിമാരായ രാം മോഹൻ നായിഡു, കിരൺ റെഡ്ഡി, അർജുൻ റാം മേഘ്‌വാൾ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, തമിഴ്നാട് മുൻ അദ്ധ്യക്ഷൻ അണ്ണാമലൈ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ വി. സോമനാഥ് തുടങ്ങിയവരും പങ്കെടുത്തു.