ക്രിമിനൽ കുറ്റം ചെയ്‌താൽ സർക്കാർ ഉദ്യോഗം കിട്ടില്ല, ഉത്തരവുമായി സുപ്രീം കോടതി

Wednesday 14 January 2026 9:51 PM IST

ന്യൂഡൽഹി: സർക്കാർ ജോലിക്കുള്ള അപേക്ഷാഫോമിൽ യഥാർത്ഥ വിവരങ്ങൾ രേഖപ്പെടുത്താത്തത് ഗുരുതര പെരുമാറ്റദൂഷ്യമെന്ന് സുപ്രീംകോടതി. നിസാര വീഴ്ചയെന്ന മട്ടിൽ കാണാനാകില്ല. ഉത്തർപ്രദേശിൽ ക്രിമിനൽ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സർക്കാർ നടപടി ശരിവച്ചു കൊണ്ടാണിത്. ഉദ്യോഗസ്ഥന് അനുകൂലമായുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, എൻ.കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.

ക്രിമിനൽ കേസുകളുണ്ടായിരുന്ന സമയത്ത് ആ വിവരം മറച്ചുവച്ചു. പിടിക്കപ്പെട്ടപ്പോൾ കേസുകളിൽ പിന്നീട് വെറുതെവിട്ടിരുന്നു എന്നു വാദിക്കുന്നത് അംഗീകരിക്കാനാകില്ല. അനുകമ്പ പ്രതീക്ഷിക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേർത്തു.