നീറ്റ് പിജി പ്രവേശനം: സംവരണ വിഭാഗങ്ങൾക്ക് പെർസന്റൈൽ സീറോയാക്കി

Thursday 15 January 2026 12:07 AM IST

ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര കോഴ്സുകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ നികത്താൻ 2025ലെ നീറ്റ് പി.ജി മൂന്നാം റൗണ്ട് കൗൺസലിംഗിനുള്ള കട്ട് ഓഫ് സ്‌കോറുകൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) വെട്ടിക്കുറച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് പൂജ്യം പെർസന്റൈലും കട്ട് ഓഫ് സ്‌കോർ മൈനസ് 40(-40) ആയും കുറച്ചു. നടപടി താത്‌ക്കാലികമാണെന്ന് എൻ.ബി.ഇ.എം.എസ് അറിയിച്ചു. 2025 ആഗസ്റ്റ് 19 ന് പ്രസിദ്ധീകരിച്ച നീറ്റ് പിജി 2025 റാങ്കുകളിൽ മാറ്റമില്ല.

സംവരണ വിഭാഗങ്ങൾക്ക് നേരത്തെ 40 പെർസന്റൈൽ ആയിരുന്നതാണ് പൂജ്യം ആക്കിയത്. ജനറൽ വിഭാഗത്തിനുള്ള യോഗ്യത പെർസന്റൈൽ ഏഴും (പഴയത് 50), കട്ട് ഓഫ് സ്‌കോർ 103 ആയും നിശ്ചയിച്ചു. ഭിന്നശേഷി വിഭാഗത്തിന് പെർസന്റൈൽ അഞ്ച് (പഴയത് 45) കട്ട് ഓഫ് സ്‌കോർ 90ഉം ആണ്.

രണ്ടാം കൗൺസലിംഗിന് ശേഷം ബിരുദാനന്തര കോഴ്‌സുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ അദ്ധ്യയന വർഷം 15,000ൽ അധികം സീറ്റുകൾ ഒഴിഞ്ഞു കിടന്നിരുന്നു.

യോഗ്യതാ വ്യവസ്ഥ പാലിക്കണം

നീറ്റ് പിജി 2025 ഇൻഫർമേഷൻ ബുള്ളറ്റിനിൽ പരാമർശിച്ചിരിക്കുന്ന യോഗ്യതാ വ്യവസ്ഥകൾ വിദ്യാർത്ഥികൾ പാലിക്കണം. കൗൺസലിംഗ് സമയത്ത് ഫേസ് ഐ.ഡി അല്ലെങ്കിൽ ബയോമെട്രിക് പരിശോധന നടത്താം. ഒരേ മാർക്കുള്ള ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ എം.ബി.ബി.എസ് മാർക്ക് ടൈ ബ്രേക്കിംഗിനായി ഉപയോഗിച്ചാൽ, യഥാർത്ഥ സ്കോർകാർഡുകൾ ഹാജരാക്കണം.

പ്രതിഷേധവുമായി

സംഘടനകൾ

കട്ട് ഓഫ് കുറയ‌്‌ക്കുന്നത് മെഡിക്കൽ മേഖലയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി. സീറ്റുകൾ നികത്താൻ വേണ്ടി യോഗ്യത മാർക്ക് കുറയ്‌ക്കാതെ അധിക പരീക്ഷ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.