കടുവയുടെ ദൃശ്യം വ്യാജനോ? പൊലീസ് അന്വേഷണം ഊർജ്ജിതം
മാനന്തവാടി: വണ്ടിയാമ്പറ്റയിൽ നിന്ന് പകർത്തിയെന്നു പറയുന്ന കടുവയുടെ ദൃശ്യം വ്യാജനെന്ന പ്രചാരണത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കോട്ടത്തറ പഞ്ചായത്തിലെ വണ്ടിയാമ്പറ്റയിൽ കഴിഞ്ഞ ദിവസം രാത്രി കടുവയെ കണ്ടതായി കമ്പളക്കാട് ടൗണിലെ ഓട്ടോ ഡ്രൈവറാണ് അവകാശപ്പെട്ടത്. ഇയാൾ പകർത്തിയതെന്നു പറയുന്ന കടുവയുടെ ചിത്രം രാത്രിയിൽ തന്നെ പൊലീസിന് കാണിച്ച് കൊടുക്കുകയും ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. കൽപ്പറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആർ.ആർ.ടി ടീമും സ്ഥലത്തെത്തി പരിശോധനയും നടത്തി. ജനവാസ മേഖലയിൽ കടുവയെത്തിയെന്ന പ്രചാരണം വലിയ ആശങ്കയാണ് ഉയർത്തിയിരുന്നത്. വനം വകുപ്പ് ഡ്രോൺ സംവിധാനമടക്കം ഉപയോഗിച്ച് മൂന്ന് ദിവസങ്ങളിലായി തെരച്ചിൽ നടത്തുകയും പട്രോളിംഗ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പ്രദേശത്ത് കടുവ സാന്നിദ്ധ്യം ഇല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതൊടെയാണ് ആശങ്ക അകന്നത്. കടുവയുടെ ചിത്രം വളരെ വേഗം പ്രചരിപ്പിച്ച് തുടങ്ങിയതൊടെ വനം വകുപ്പിനും പൊലീസിനും ചിത്രത്തിന്റെ ആധികാരികതയിൽ സംശയമുണ്ടായി. ഇതിന് പിന്നാലെ പ്രദേശത്തെ വായനശാല ഭാരവാഹികൾ കടുവയുടെ ചിത്രത്തെകുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് ജില്ലയിലെ ഉദ്യോഗസ്ഥർ ചിത്രം സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ വനം വകുപ്പ് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് സൂചന.